പാലാ: ഭക്തർക്ക് ഓണപ്പായസം വഴിപാട് നടത്തി പ്രസാദം സ്വീകരിക്കാം. പുണ്യപ്രസിദ്ധമായ പാലാ ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ ഓണവിഷു പായസ വിതരണം ഒരനുഷ്ഠാനമാണ്.

ഓണനാളിലും വിഷുനാളിലുമുള്ള ഈ പായസം വഴിപാടിൽ പങ്കെടുക്കാനും പായസം പ്രസാദമായി ഏറ്റുവാങ്ങാനും ദുരെദിക്കുകളിൽ നിന്നുപോലും നൂറുകണക്കിന് ഭക്തരാണ് കാവിൻപുറം ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്.

പൂരാടം നാളിൽ തുടങ്ങും പായസവിതരണം. പാലട, ശർക്കര അടപ്രഥമൻ, പരിപ്പ് പായസം എന്നിവയാണ് ഇവിടെ ഭക്തജനങ്ങൾക്ക് വിതരണം ചെയ്യുന്നത്. ഇതിൽ ഭക്തജനങ്ങൾ കൂടുതലായും വഴിപാട് പ്രസാദമായി ഏറ്റവാങ്ങുന്നത് അടപ്രഥമനാണ്. ക്ഷേത്രത്തിന് സമീപമുള്ള ഓഡിറ്റോറിയത്തോട് ചേർന്നുള്ള ഊട്ടുപുരയിലാണ് ഈ വിശേഷാൽ വഴിപാട് ഓണപായസം തയ്യാറാക്കുന്നത്.

പൂരാടത്തലേനാൾ ദീപാരാധനയ്ക്ക് ശേഷം പായസ നിർമ്മാണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കും. പൂരാടനാളിൽ പുലർച്ചെ തയ്യാറാക്കുന്ന പായസം മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ആദ്യം ഉമാമഹേശ്വരൻമാർക്ക് നിവേദിക്കും. തുടർന്നാണ് ഭക്തജനങ്ങൾക്ക് വിതരണം ചെയ്യുന്നത്.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി തൃപ്പൂണിത്തുറ മരട് കൊടിപ്പറമ്പിൽ മഠത്തിലെ മുരളിസ്വാമിയുടെ നേതൃത്വത്തിലാണ് ഓണവിഷുപായസങ്ങൾ തയ്യാറാക്കുന്നത്. വഴിപാട് എന്നതിന് അപ്പുറം അമ്പലപ്പുഴ പാൽപ്പായസം പോലെ രുചിയുടെ സവിശേഷത തന്നെയാണ് കാവിൻപുറം ഓണപ്പായസത്തേയും ശ്രദ്ധേയമാക്കുന്നത്. ചില പ്രത്യേക കൂട്ടുകളാണ് കാവിൻപുറം പായസത്തിന്റെ രുചിമഹത്വം.

ഭക്തജനങ്ങൾ ഓണനാളിൽ തങ്ങളുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊക്കെ ഓണസമ്മാനമായി വിതരണം ചെയ്യാനും ഇവിടെ നിന്ന് ഓണപ്പായസം വാങ്ങാറുണ്ട്. ഇവിടെ പായസ നിർമ്മാണത്തിന് പ്രത്യേകമായ അളവുമുണ്ട്. പൂരാടം, ഉത്രാടം, തിരുവോണം നാളുകളിൽ 2000 ലിറ്ററോളം പായസം മാത്രമേ ഉണ്ടാക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ ഓണപ്പായസം ലഭിക്കുകയുള്ളൂ. ഓരോ ദിവസവും 2000 ലിറ്ററിന് മുകളിലായാൽ പിന്നീട് വഴിപാട് ബുക്കിംഗ് സ്വീകരിക്കുകയില്ല. ഓണപ്പായസ വഴിപാട് ബുക്ക് ചെയ്യാൻ ക്ഷേത്രത്തിലെ ഫോൺ നമ്പർ 9745260444, 9447568778.