കൊല്ലപ്പള്ളി: പുളിച്ചമാക്കൽ പാലത്തിന്റെ ഇരുവശങ്ങളിലും വലിയ ഗർത്തം രൂപപ്പെട്ടതിനാൽ വാഹനഗതാഗതം തടസപ്പെട്ടു. ഗർത്തത്തിന് ചുറ്റുവട്ടവും ഇടിഞ്ഞ നിലയിലാണ്. വലിയ വാഹനങ്ങളുടെ ഗതാഗതമാണ് തടസപ്പെട്ടത്. മൂന്നു പഞ്ചായത്തുകളെ ബന്ധിപ്പിച്ചു കടന്നുപോകുന്ന കൊല്ലപ്പള്ളി കവലവഴിമുക്ക് മങ്കര പ്രവിത്താനം പി.ഡബ്ല്യു.ഡി. റോഡിലാണ് പുളിച്ചമാക്കൽ പാലം. കടനാട്, ഭരണങ്ങാനം, കരൂർ പഞ്ചായത്തുകളെ അതിരിടുന്ന വഴിയും പാലവുമാണിത്. മൂന്നു മീറ്റർ മാത്രമാണ് പാലത്തിന്റെ വീതി. ഏഴു മീറ്ററാണ് നീളം.ഇതുവഴി സ്‌കൂൾ ബസുകളും മറ്റു വാഹനങ്ങളും കടന്നുപോകാൻ പറ്റാതായതോടെ വിദ്യാർത്ഥികളും മറ്റു യാത്രക്കാരും നടന്നു പോകേണ്ട ഗതികേടിലാണ്.

കടനാട് പഞ്ചായത്തിന്റെ അതിർത്തി പങ്കിടുന്ന പാലത്തിന്റെ മറുകരയിൽ 50 മീറ്റർ മാത്രമാണ് കരൂർ പഞ്ചായത്തിന്റെ ഭാഗം ഉൾപ്പെടുന്നത്. പിന്നെ ഭരണങ്ങാനം പഞ്ചായത്തിന്റെ പരിധിയിലാണ് റോഡ്.

അറുപത് വർഷത്തിലേറെ പഴക്കം ഈ പാലത്തിനുണ്ട്. അപ്രോച്ച് റോഡിൽ മുമ്പ് മണൽ ആണ് നിറച്ചിരുന്നത്. ഇത് മഴക്കാലത്ത് ഒഴുകിപ്പോകുന്നതോടെ വൻ കുഴികൾ രൂപപ്പെടുന്നത് പതിവാണ്.

ഈരാറ്റുപേട്ടയിൽ നിന്നും കൂത്താട്ടുകുളം, എറണാകുളം ഭാഗത്തേക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ റോഡാണിത്. മുമ്പും പാലത്തിൽ പലതവണ കുഴികൾ ഉണ്ടായിട്ടുണ്ടെങ്കിലും ഗതാഗതം തടസപ്പെട്ടിരുന്നില്ല.

ജനപ്രതിനിധികൾ ഒരു നടപടിയും സ്വീകരിക്കുന്നില്ല

ഇടയ്ക്കിടെ പാലത്തിൽ കുഴിയുണ്ടാകുമ്പോഴൊക്കെ ജനപ്രതിനിധികൾ ഓടിയെത്തി പ്രഖ്യാപനങ്ങൾ നടത്തുന്നതല്ലാതെ നന്നാക്കാൻ നടപടിയൊന്നുമില്ല. പാലം അടിയന്തരമായി പുനർനിർമ്മിച്ച് അപകടാവസ്ഥ പരിഹരിക്കണം.- ബിനു വള്ളോംപുരയിടം, പൊതുപ്രവർത്തകൻ.