d

കോട്ടയം: ഇന്ന് ഉത്രാടം, തിരുവോണ സദ്യക്കായി അടുക്കളയിലേക്ക് വേണ്ട സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന അവസാന ദിവസമാണിന്ന്. തിരുവോണം ആഘോഷിക്കാനുള്ള തിരക്കിലാണ് എല്ലാവരും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ലളിതമാക്കിയെങ്കിലും മാറ്റൊട്ടും കുറഞ്ഞില്ല. ഓണാഘോഷത്തിന്റെ അവസാനവട്ട ഒരുക്കങ്ങൾക്കായുള്ള ഓട്ടപ്പാച്ചിലും വിപണിയിലെ തിരക്കിലും നാടുംനഗരവും അമരും. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ ആവേശം വിതറി ആഘോഷങ്ങളും തിമിർക്കുകയാണ്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി കോട്ടയംനഗരം തിരക്കിലമർന്നിരുന്നു. വിവിധ ഓഫീസുകൾ, സ്‌കൂൾ, കോളേജ്, വിവിധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം ഓണാഘോഷം നടക്കുന്നതിനോട് അനുബന്ധിച്ച് വലിയ തിരക്കായിരുന്നു കഴിഞ്ഞ ദിവസങ്ങിൽ അനുഭവപ്പെട്ടത്.

വ്യാപാരസ്ഥാപനങ്ങളിലും തിരക്ക്
ഓണക്കോടിയെടുക്കാനും ഓണസദ്യവട്ടങ്ങൾക്കുള്ള വിഭവങ്ങൾ വാങ്ങാനും കൂടുതൽ പേർ ഇന്ന് വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തും. ഉത്രാടതലേന്നായ ഇന്നലെ നഗരത്തിലും ഗ്രാമത്തിലും ഉള്ള ചെറുതും വലുതുമായ വസ്ത്രവിൽപന ശാലകളിലെല്ലാം ഓണക്കോടി വാങ്ങാനെത്തുന്നവരുടെ വലിയ തിരക്കായിരുന്നു. ഒട്ടേറെ ഓഫറുകളും സമ്മാനങ്ങളും പ്രത്യേകം ഒരുക്കിയിരുന്നു. കുറഞ്ഞ ചെലവിൽ എല്ലാവർക്കും വസ്ത്രങ്ങൾ വാങ്ങാൻ കഴിയുന്ന തരത്തിലുള്ള ബഡ്‌ജറ്റ് ഫ്രണ്ട്‌ലി ഷോപ്പിംഗാണ് പലയിടത്തും. ഇന്നും വലിയ തിരക്ക് ഉണ്ടാകുമെന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. ഗൃഹോപകരണങ്ങൾ, വാഹനങ്ങൾ, മൊബൈൽ ഫോൺ, ചെരിപ്പുകൾ തുടങ്ങി എല്ലാത്തിനും ആകർഷകമായ ഓഫറുകളുണ്ട്. അത്തം മുതൽ ഗൃഹോപകരണങ്ങളുടെ കച്ചവടത്തിൽ വർദ്ധന ഉണ്ടായെന്ന് നഗരത്തിലെ വ്യാപാരികൾ പറയുന്നു. പലകടകളും കൂടുതൽ സമയം തുറന്നു പ്രവർത്തിക്കുന്നുണ്ട്.

ഗതാഗത തിരക്കിലമർന്ന് നഗരം
ഓണച്ചന്തകൾ, ഓണം മേളകൾ എന്നിവിടങ്ങളിലും തിരക്കാണ്. വഴിയോരക്കച്ചവടവും പൊടിപൊടിക്കുകയാണ്. സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ നിരത്തിലേക്ക് ഇറങ്ങിയതോടെ ഗതാഗതക്കുരുക്കിൽ നഗരം വലഞ്ഞു. പൂവിപണിയിലും വലിയ തിരക്കാണ്. മുല്ലപ്പൂ വിപണിയിൽ ഇന്നലെ കിട്ടാനില്ലായിരുന്നു. ഇത്തവണ അന്യസംസ്ഥാന പൂക്കളെക്കാൾ കുടുംബശ്രീയുടെ കീഴിലുള്ള തനിനാടൻ പൂക്കൾ വിപണി കീഴടക്കി.

‌ഓണസദ്യയ്ക്ക് അവശ്യക്കാരേറെ

വിഭവസമൃദ്ധമായ ഇൻസ്റ്റന്റ് ഓണസദ്യയും പായസവുമൊക്കെ ഒരുക്കി ഹോട്ടലുകളും കാറ്ററിംഗ് സർവീസുകളും രുചി പകരാൻ രംഗത്തുണ്ട്. സദ്യയുടെയും പായസത്തിന്റെയും ബുക്കിംഗും പലയിടങ്ങളിലും പൂർത്തിയായി. ബേക്കറികളിലും പായസ മേളകൾ ഒരുക്കിയിട്ടുണ്ട്. ഓണസദ്യയുടെ മേമ്പൊടി വിഭവങ്ങളായ ഉപ്പേരി, ശർക്കരവരട്ടി, വിവിധതരം അച്ചാറുകൾ എന്നിവയ്ക്കും ആവശ്യക്കാരേറെയാണ്.