ggg

കോട്ടയം: കാലവർഷമഴയിൽ ജില്ലയിലെ 4502 കർഷകരുടെ കൃഷിനശിച്ചതായി കൃഷിവകുപ്പിന്റെ റിപ്പോർട്ട്. ജൂൺ ഒന്നു മുതൽ ചൊവ്വാഴ്ച വരെയുള്ള കണക്കാണിത്. ജൂലായിലാണ് ഏറ്റവും കുടുതൽ നാശം. മൊത്തം 1.1 കോടിയുടെയാണ് നഷ്ടം. മഴക്കൊപ്പമെത്തിയ ശക്തമായ കാറ്റും പലയിടങ്ങളിലും കർഷകർക്ക് ദുരിതം വിതച്ചു. വാഴകൃഷിക്കാണ് കാലവർഷം എറ്റവും നാശം സൃഷ്ടിച്ചത്.

ഓണവിപണി ലക്ഷ്യമിട്ട് വളർത്തിയ ആയിരക്കണക്കിന് ഏത്ത വാഴകളാണ് കാറ്റിലും മഴയിലും ഒടിഞ്ഞുവീണത്. കുലച്ച വാഴകൾ നശിച്ചത് വൻ തിരിച്ചടിയായി. പച്ചക്കറിക്കും വലിയ നാശമുണ്ടായി. ഇത് നാടൻ പച്ചക്കറി വിപണിക്ക് ദോഷകരമായി. പച്ചക്കറി തൈകൾ വ്യാപകമായി ചീഞ്ഞ് നശിച്ചു.

കടുത്തുരുത്തിയിലും ഞീഴൂരിലും വലിയ നാശം

കടുത്തുരുത്തി, ഞീഴൂർ മേഖലകളിലാണ് കൂടുതൽ നാശം. പച്ചക്കറി മേഖലയിലെ നാശം ഓണവിപണിയിൽ പ്രതിഫലിക്കുന്നുണ്ടെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. റബർ മരങ്ങളും വ്യാപകമായി ഒടിഞ്ഞുവീണു. 137 നെൽ കർഷകരെയും ദുരിതം ബാധിച്ചു. ജില്ലയിലെ നിരവധി കർഷകർക്ക് നെല്ലിന്റെ തുക ഇനിയും കിട്ടാനുണ്ട്. വേനൽ മഴയിൽ 24 കോടിയുടെ നാശമുണ്ടായതിന് പിന്നാലെയാണ് കാലവർഷവും കർഷകർക്ക് തിരിച്ചടിയായത്. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ 79 ഓണവിപണി തുറന്നു. കർഷകരിൽ നിന്ന് 30 ശതമാനം അധികവില നൽകി ശേഖരിക്കുന്ന പച്ചക്കറികൾ 10 ശതമാനം വിലക്കുറവിലാണ് ഓണവിപണികളിലൂടെ വിൽക്കുന്നത്.