കോട്ടയം:വിശ്വകർമ്മ സർവീസ് സൊസൈറ്റി കോട്ടയം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ വിശ്വകർമ്മ ദിനാഘോഷത്തിന്റെ ഭാഗമായി കോട്ടയത്ത് ആർട്ടിസാൻഫെസ്റ്റ് സംഘടിപ്പിക്കും. 16ന് രാവിലെ എട്ടുമുതൽ തിരുനക്കര ശിവശക്തി ഓഡിറ്റോറിയം മൈതാനത്താണ് മേളയെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ വി.ആർ രാഖേഷ് ഉദ്ഘാടനം ചെയ്യും. യൂണിയൻ വൈസ് പ്രസിഡന്റ് കെ.സുനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. തിരുനക്കര ശിവശക്തി ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതൽ താലൂക്ക് യൂണിയൻ മഹിളാസംഘത്തിന്റെ നേതൃത്വത്തിൽ വിശ്വകർമ്മ കലാപ്രതിഭകളെ പങ്കെടുപ്പിച്ച് കർമ്മ 24 എന്നപേരിൽ വിവിധ കലാപരിപാടികളും നടക്കും. പരിപാടികൾക്ക് തുടക്കമിട്ട് 16ന് രാവിലെ 10ന് പനച്ചിക്കാട് സദാശിവൻ ഭദ്രദീപം തെളിയിക്കും. 17ന് വിശ്വകർമ്മ ദിനാഘോഷം നടക്കും. രാവിലെ തിരുനക്കര ശിവശക്തി ഓഡിറ്റോറിയത്തിൽ കലാപരിപാടികൾ നടക്കും. ഉച്ചക്ക് രണ്ടിന് മഹിളാസംഘത്തിന്റെ സഹസ്രനാമജപം നടക്കും. വൈകിട്ട് നാലിന് തിരുനക്കര ക്ഷേത്രമൈതാനിയിൽ നിന്ന് വിശ്വകർമ്മദിന മഹാശോഭയാത്ര നടക്കും. ആറിന് നടക്കുന്ന സമ്മേളനം കേന്ദ്രസഹമന്ത്രി ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്യും. ഫ്രാൻസിസ് ജോർജ് എം.പി, തിരുവഞ്ചൂർ രാധാകൃഷ്ൺ എം.എൽ.എ എന്നിവർ പങ്കെടുക്കും.

താലൂക്ക് യൂണിയൻ സെക്രട്ടറി വി.ആർ മണിക്കുട്ടൻ, ജില്ല സെക്രട്ടറി ബിനു പുള്ളുവേലിക്കൽ, താലൂക്ക് പ്രസിഡന്റ് പി.ജി ചന്ദ്രബാബു, എം.പി പ്രഭാകരൻ, ശാലിനി പ്രഭാഷ്, സന്ധ്യ രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.