കോട്ടയം: 123ാമത് കോട്ടയം മത്സരവള്ളംകളി ഒക്ടോബർ 6ന് താഴത്തങ്ങാടി ആറ്റിൽ നടക്കും. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും തിരുവാർപ്പ് പഞ്ചായത്തിന്റെയും കോട്ടയം നഗരസഭയുടെയും സഹകരണത്തോടെ കോട്ടയം വെസ്റ്റ് ക്ലബാണ് വള്ളംകളി സംഘടിപ്പിക്കുന്നത്. നെഹ്രുട്രോഫി വള്ളംകളിയുടെ തീയതി അനുസരിച്ച് കോട്ടയം മത്സരവള്ളംകളിയുടെ നേരത്തെ തീരുമാനിച്ചിരുന്ന തീയതി ഒക്ടോബർ ആറിലേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. ചുണ്ടൻ, ഇരുട്ടുകുത്തി ഒന്നാം ഗ്രേഡ്', രണ്ടാം ഗ്രേഡ്, വെപ്പ് ഒന്നാം ഗ്രേഡ്, രണ്ടാം ഗ്രേഡ്, ചുരുളൻ എന്നീ വിഭാഗങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുന്നത്. കളി വള്ളങ്ങളുടെ രജിസ്‌ട്രേഷൻ 15ന് ആരംഭിക്കും. ക്യാപ്റ്റൻമാരുടെ യോഗവും ട്രാക്ക് നിർണയവും 29ന് വൈകുന്നേരം 4ന് കോട്ടയം വെസ്റ്റ് ക്ലബ് ഹാളിൽ നടക്കും. റിമോട്ട് സ്റ്റിൽ സ്റ്റാർട്ടിംഗ് സംവിധാനം, ഫോട്ടോ ഫിനിഷ്, റെയിസ് കോഴ്‌സ് ട്രാക്ക് ഫിക്‌സിംഗ്, ആറിന്റെ ഇരുകരകളിലും കാണികൾക്ക് സുഗമമായി കളി വീക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങൾ, വള്ളംകളിയോടനുബന്ധിച്ച് സ്മരണിക പ്രസിദ്ധീകരണം തുടങ്ങി വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്.