dd

കാഞ്ഞിരപ്പള്ളി: മണിമല പഞ്ചായത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനം വിട്ടു നൽകുന്നില്ലെന്നാരോപിച്ച് കേരളാ കോൺഗ്രസിനെതിരെ സി.പി.ഐ നേതാക്കൾ പരസ്യമായി രംഗത്തെത്തി. മുൻ ധാരണ പ്രകാരം തങ്ങളുടെ വൈസ് പ്രസിഡന്റ് രാജിവച്ചെങ്കിലും അർഹതപ്പെട്ട സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനം വിട്ടുനൽകുന്നില്ലെന്നാണ് സി.പി.ഐയുടെ പരാതി.

ആദ്യത്തെ 3 വർഷം പ്രസിഡന്റ് സ്ഥാനം സി.പി.എമ്മിനും വൈസ് പ്രസിഡന്റ് സ്ഥാനം സി.പി.ഐ ക്കും സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സ്ഥാനം കേരള കോൺഗ്രസിനുമെന്നായിരുന്നു ധാരണ. തുടർന്നുള്ള 2 വർഷം പ്രസിഡന്റ് സ്ഥാനം കേരള കോൺഗ്രസ് (എം)നും വൈസ് പ്രസിഡന്റ് സ്ഥാനം സി.പി.എമ്മിനും സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സി.പി.ഐക്കും നൽകണം. ഇത് പ്രകാരം കാലാവധി പൂർത്തിയാക്കിയ പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവച്ചു. പകരം പുതിയ ഭരണ സമിതി ചുമതലയേറ്റ് ആറുമാസം കഴിഞ്ഞിട്ടും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം കേരളാ കോൺഗ്രസ് വിട്ടു നൽകാത്തതാണ് സി.പി.ഐയെ ചൊടിപ്പിക്കുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിന് മുൻപ് വിഷയം എൽ.ഡി.എഫിൽ ഉന്നയിച്ചെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം പരിഹരിക്കാമെന്നായിരുന്നു ചർച്ചയിലെ തീരുമാനം. എന്നാൽ രണ്ട് തവണചേർന്ന മുന്നണിയോഗത്തിലും തീരുമാനമായില്ല. കേരളാ കോൺഗ്രസിന് സി.പി.എമ്മിന്റെ പിന്തുണയുണ്ടെന്ന ആക്ഷേപവും നേതാക്കൾ ഉയർത്തുന്നു.

പിന്നീട് കഴിഞ്ഞ മാസം രണ്ടിനകം ഡോ. എൻ.ജയരാജ് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ മുന്നണി യോഗം ചേരണമെന്ന് തീരുമാനിച്ചെങ്കിലും യോഗം വിളിച്ചില്ല. ഇതോടെയാണ് സി.പി.ഐ പരസ്യമായി രംഗത്തെത്തിയത്.

മുന്നണി കൺവീനർ മുന്നണി മര്യാദ പാലിക്കണം. അർഹമായ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സ്ഥാനം ഉടനെ വിട്ടുകിട്ടണം.

ശരത് മണിമല, സി.പി.ഐ മണിമല ലോക്കൽ സെക്രട്ടറി