കൊല്ലപ്പള്ളി: പുളിച്ചമാക്കൽ പാലത്തിൽ വലിയ ഗർത്തം രൂപപ്പെട്ടിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന അധികാരികളുടെ നിലപാടിൽ പ്രതിഷേധിച്ച് തിരുവോണ നാളിൽ കൊല്ലപ്പള്ളി ജനകീയ സമിതി പാലത്തിന്റെ പടിക്കൽ സമരം നടത്തും. പാലം അപകടാവസ്ഥയിലായത് സംബന്ധിച്ച് കഴിഞ്ഞദിവസം

കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. മൂന്നു പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് കൊല്ലപ്പള്ളി കവലവഴിമുക്ക് മങ്കര പ്രവിത്താനം പിഡബ്ലി.യു.ഡി റോഡിലെ പുളിച്ചമാക്കൽ പാലം. കടനാട്, ഭരണങ്ങാനം, കരൂർ പഞ്ചായത്തുകളെ അതിരിടുന്ന വഴിയും പാലവുമാണിത്. ഇതുവഴി സ്‌കൂൾ ബസുകളും മറ്റു വാഹനങ്ങളും കടന്നുപോകാൻ പറ്റാതായതോടെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ നടന്നുപോകേണ്ട സാഹചര്യമാണെന്ന് ജനകീയ സമിതി നേതാക്കളായ സാംകുമാർ കൊല്ലപ്പള്ളി, ബിനുകരോട്ട്, ബാബു മണക്കാട്ട്,സനീഷ് വി കെ വാക്കമറ്റത്തിൽ, മനീഷ് വാക്കമറ്റത്തിൽ, ഉണ്ണികൃഷ്ണൻ നമ്പൂതിരി പെരുംപുഴഇല്ലം, അപ്പച്ചൻ മങ്കര,തോമസ് വിതയത്തിൽ എന്നിവർ ചൂണ്ടിക്കാട്ടി.