ചങ്ങനാശേരി: വിദ്യാലയ നടുത്തളത്തിൽ സദ്യഅത്തപ്പൂ ഒരുക്കി തെങ്ങണ ഗുഡ്‌ഷെപ്പേർഡ് പബ്ലിക് സ്‌കൂൾ. സ്‌കൂളിന്റെ 36 വർഷത്തെ നീണ്ട ജൈത്രയാത്രയെ പ്രതിനിധീകരിക്കുന്ന പൂക്കളം കാഴ്ചക്കാരിലും വിസ്മയം തീർത്തു. 1900 സ്‌ക്വയർ ഫീറ്റ് വലുപ്പത്തിൽ തൂശനിലകൾ വിരിച്ച് വൈവിധ്യങ്ങളായ പൂക്കളുടെ നിറപ്പകിട്ടിലാണ് ചോറും 36 തരം വിഭവങ്ങളും അണിനിരത്തിയത്. ഓണസദ്യയും ഓണപ്പൂക്കളവും നൽകുന്ന സമത്വദർശനം കുട്ടികളിലെത്തിക്കുക കൂടിയാണ് ഇത്തരമൊരു പൂക്കളമൊരുക്കാൻ പ്രേരിപ്പിച്ചതെന്ന് പ്രിൻസിപ്പൽ സുനിത സതീഷ് പറഞ്ഞു.
ഓണാഘോഷങ്ങളുടെ ഭാഗമായി കുട്ടികൾ അത്തം മുതൽ തിരവോണം വരെ പരമ്പരാഗത പൂക്കളം തീർക്കാൻ ഉപയോഗിക്കുന്ന മുക്കുറ്റി, തുമ്പ, കൊങ്ങിണി, മന്ദാരം , ചെമ്പരത്തി, ശംഖുപുഷ്പം, കൃഷ്ണമുടി, തുളസി, ചെത്തി , ജമന്തി തുടങ്ങിയ പൂക്കളാണ് എത്തിച്ചത്. അവയെക്കുറിച്ചുള്ള ധാരണ കുട്ടികളിലെത്തിക്കുക മാത്രമല്ല പ്രകൃതിയിലേക്കുള്ള കുട്ടികളുടെ മടങ്ങിപ്പോക്കുകൂടിയാണ് സാധ്യമാക്കിയത്. ഹൗസ്തല അത്തപ്പൂക്കളമൊരുക്കൽ, ഓണപ്പൂക്കൾ കൊണ്ട് പൂച്ചെണ്ടു നിർമ്മാണം, ഓണപ്പെരുമ, നോട്ടീസ് ബോർഡ് ഒരുക്കൽ, വടംവലി, ഉറിയടി തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ ആവേശപൂർവ്വം പങ്കെടുത്ത് ഓണം അർഥവത്താക്കി.
സ്‌കൂൾ ചെയർമാൻ വർക്കി എബ്രഹാം കാച്ചണത്ത്, മാനേജിംഗ് ട്രസ്റ്റി പി.പി വർഗീസ്, മാനേജർ ജോൺസൺ എബ്രഹാം, അഡ്മിനിസ്‌ട്രേഷൻ ഡയറക്ടർ ഫാ.ടി.എ ഇടയാടി, സെക്രട്ടറി പ്രീജോ കെ.എബ്രഹാം, ട്രഷറർ പ്രിയ കെ. എബ്രഹാം, പ്രിൻസിപ്പൽ സുനിത സതീഷ്, വൈസ് പ്രിൻസിപ്പൽ സോണി ജോസ്, പി.ടി.എ പ്രസിഡന്റ് സെബിൻ ജോൺ, വൈസ് പ്രസിഡന്റ് ഷമീം തുടങ്ങിയവർ ഓണാശംസകൾ നൽകി. ഹെഡ് ടീച്ചേഴ്‌സ്, ലീഡ് ടീച്ചേഴ്‌സ്, അദ്ധ്യാപകർ, അനദ്ധ്യാപകർ, മാതാപിതാക്കൾ എന്നിവർ പങ്കെടുത്തു.