c

കോട്ടയം: സി.പി.എം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ ആർ.എസ്.എസ് പ്രവർത്തകർക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. ചെറുവള്ളി സ്വദേശികളായ ശ്രീകാന്ത്, ഹരിലാൽ, ദിലീപ്, ചിറക്കടവ് സ്വദേശി രാജേഷ്, പടനിലം സ്വദേശി അനന്തകൃഷ്ണൻ, തമ്പലക്കാട് സ്വദേശി രാജേഷ് എന്നിവർക്കാണ് ശിക്ഷ. അഞ്ച് പേർക്ക് ഏഴു വർഷം തടവും 50000 രൂപ പിഴയും, ഒരാൾക്ക് അഞ്ച് വർഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷാവിധി. 2018 ലാണ് സി.പി.എം പ്രവർത്തകനായ ചിറക്കടവ് പടനിലം മുട്ടിയാകുളത്ത് രവിയെ വീടിന് സമീപത്ത് വച്ച് ഇവർ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ഭാര്യയുടെയും, രക്ഷിതാക്കളുടെയും മുൻപിലായിരുന്നു അക്രമം. ശരീരത്തിൽ ഇരുപത്തെട്ടോളം വെട്ടേറ്റു. വെട്ടുകൊണ്ട് വലതുകൈ അറ്റു. ശ്വാസകോശത്തിനും പരിക്കേറ്റു. കോട്ടയം അഡീഷണൽ ജില്ല സെഷൻസ് കോടതി ജഡ്ജി മോഹനകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ സജി എസ്.നായർ ഹാജരായി.