ee

കോട്ടയം : ഓണക്കാലത്ത് അന്യസംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ മായം കലർത്തിയ ഭക്ഷ്യ വസ്തുക്കൾ കേരളത്തിലേക്ക് ഒഴുക്കിയിട്ടും നടപടിയെടുക്കാതെ ഭക്ഷ്യവകുപ്പ്. ഭക്ഷ്യഎണ്ണ, പാൽ, മത്സ്യം, പച്ചക്കറികൾ തുടങ്ങിയവ പരിശോധിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഒരു മാസം മുമ്പേ പ്രഖ്യാപിച്ചിരുന്നു. ഹോട്ടലുകൾ,റെസ്റ്റോറൻഡുകൾ, ബേക്കറികൾ, വിവിധ നിർമാണയൂണിററുകൾ,വഴിയോരകച്ചവടസ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധനയെന്നായിരുന്നു പ്രഖ്യാപനം. പരിശോധന പ്രഖ്യാപനത്തിൽ മാത്രമെന്ന സംശയത്തിലാണ് നാട്ടുകാർ.

തമിഴ്നാട്ടിൽ നിന്നു മായം കലർന്ന എണ്ണ വൻതോതിൽ ഓണക്കാലത്ത് എത്താറുണ്ട്. നിരോധിച്ച വെളിച്ചെണ്ണ കമ്പനികളുടെ ലിസ്റ്റ് ഇറങ്ങാറുണ്ട്. ഇക്കുറി അതുണ്ടായില്ല. ഉപ്പേരി കടകളിൽ ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നുണ്ട്. ഉപ്പേരിക്ക് നിറം കൂട്ടാൻ രാസവസ്തുക്കൾ ഉപയോഗിക്കുന്നതും കണ്ടില്ലെന്നു നടിക്കുകയാണ്. പച്ചക്കറി, പാൽ, മീൻ, സുനാമി ഇറച്ചി എന്നിവ അതിർത്തി കടന്നെത്തുന്നത് പരിശോധിക്കാനും സംവിധാനമില്ല.

വെളിച്ചെണ്ണയിൽ തൊടില്ല

കാൻസറിന് കാരണമാകുമെന്ന് കണ്ടെത്തിയ വ്യാജ വെളിച്ചെണ്ണയിൽ തൊടാൻ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് മടിയാണ് . പിടിച്ചെടുത്ത വെളിച്ചെണ്ണ കമ്പനികളുടെ വിവരം ചോദിച്ചാലും മറുപടിയില്ല. കേരയുടെ പേരിൽ നൂറോളം ബ്രാൻഡുകൾ സംസ്ഥാന വിപണിയിലെത്തിട്ടുണ്ടെങ്കിലും ജില്ലയിൽ നിന്ന് വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തിട്ടില്ലെന്നാണ് മറുപടി.


നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള പരിശോധനാസംഘങ്ങൾക്ക് പുറമേ പരിശോധനയ്ക്ക് മൊബൈൽ സ്‌ക്വാഡുകളും

ചെക്ക് പോസ്റ്റുകളിലുൾപ്പെടെ വാഹനങ്ങൾ പരിശോധിച്ച് പാൽ, പച്ചക്കറി എന്നിവയുടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്നു പറയുമ്പോഴും ആവശ്യത്തിന് ജീവനക്കാരില്ല