yyy

കോട്ടയം: നാലു ചുറ്റും വെള്ളം. എന്നാൽ കുടിക്കാൻ തുള്ളി ഇല്ലത്ര.... തിരുവാർപ്പ്, കുമരകം പഞ്ചായത്തുകൾ ഉൾപ്പെടുന്ന ജില്ലയിലെ പടിഞ്ഞാറൻ മേഖലയിലെ ജനങ്ങളുടെ അവസ്ഥ ഇതാണ്. മഴക്കാലത്തും കുടിവെള്ളത്തിനായി കാത്തിരിക്കേണ്ട അവസ്ഥ. വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണത്തിലെ അപാകതകൾ തന്നെയാണ് വിനയായത്. ഇതോടെ ജലവിതരണത്തിനായി സ്ഥാപിച്ച പൈപ്പുകൾ ഉൾപ്പെടെ മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. അതേസമയം ഇരുപഞ്ചായത്തുകളിലെയും ജനങ്ങൾ കുടിവെള്ളം വില കൊടുത്ത് വാങ്ങേണ്ട സ്ഥിതിയാണ്. വേനൽക്കാലത്തിന് സമാനമാണ് മേഖലയിലെ കുടിവെള്ള പ്രശ്‌നം. തിരുവാർപ്പ്, കുമരകം ഗ്രാമപഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി 10 എം.എൽ.ഡിയുടെ ട്രീറ്റ്‌മെന്റ് പ്ലാന്റാണ് ചെങ്ങളം കുന്നംപുറത്ത് സ്ഥാപിച്ചിരിക്കുന്നത്. ഈട്രീറ്റ്‌മെന്റ് പ്ലാന്റിലേയ്ക്ക് ജലം എത്തുന്നത് വെള്ളൂപ്പറമ്പ്, താഴത്തങ്ങാടി പമ്പ് ഹൗസുകളിൽ നിന്നാണ്. 15 എം.എൽ.ഡി വെള്ളം തുടർച്ചയായി ലഭിച്ചാൽ മാത്രമേ രണ്ട് പഞ്ചായത്തുകളിലെയും കുടിവെള്ളക്ഷാമം പരിഹരിക്കാൻ കഴിയൂ.

വൈദ്യുതി നിലച്ചാൽ പ്രതിസന്ധി


നിലവിൽ 12 എം.എൽ.ഡി വെള്ളമാണ് വിതരണം ചെയ്യുന്നത്. വെള്ളൂപറമ്പിലോ, താഴത്തങ്ങാടിയിലോ ഒരു മണിക്കൂർ വൈദ്യുതി തടസം നേരിട്ടാൽ ജലവിതരണം തടസപ്പെടും. 90 എച്ച്.പിയുടെ ഒരു മോട്ടോർ 24 മണിക്കൂറും വെള്ളൂപറമ്പിൽ നിന്നും 400 എം.എം ഡി.ഐ പൈപ്പ് വഴി കുന്നംപുറത്തെ പ്ലാന്റിലേയ്ക്ക് വെള്ളം പമ്പ് ചെയ്യുന്നുണ്ട്. 400 ഡി.ഐ പൈപ്പ് തിരുവാറ്റ പാലത്തിൽ വെച്ച് 325 എം.എം. എച്ച്.ഡി.പി.ഇ പൈപ്പിലേക്ക് മാറുന്നു. ഈ പൈപ്പ് താഴത്തങ്ങാടി ഇളംകാവ് പാലത്തിന് സമീപം താഴത്തങ്ങാടിപമ്പ് ഹൗസിൽ നിന്ന് വരുന്ന 325 എം.എം എച്ച്.ഡി.പി.ഇ പൈപ്പുമായി സംയോജിച്ച് ഒറ്റ പൈപ്പായാണ് ചെങ്ങളം ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്ക് വെള്ളമെത്തിക്കുന്നത്.

വെള്ലം പ്ലാന്റിലെത്തില്ല

വെള്ളൂപറമ്പിൽ വൈദ്യുതിയില്ലാതെയും കുന്നുംപുറത്തേയ്ക്ക് പമ്പിംഗ് ഇല്ലാതെയും വരുന്ന സമയങ്ങളിൽ താഴത്തങ്ങാടിയിൽ നിന്നും ചെങ്ങളത്തേയ്ക്ക് പമ്പ് ചെയ്യുന്ന ജലം പൂർണമായും കുന്നുംപുറത്തെ പ്ലാന്റിലെത്താതെ വെള്ളൂപറമ്പ് ലൈനിലേയ്ക്ക് പോകുന്നു.

തിരുവാർപ്പ്, കുമരകം പഞ്ചായത്തുകളിലായി കുടിവെള്ള കണക്ഷനുകൾ: 14000

താഴത്തങ്ങാടിയിൽ നിന്ന് 100 എച്ച്.പി മോട്ടോർ ഉപയോഗിച്ച് നിലവിൽ പമ്പ് ചെയ്യുന്ന പൈപ്പിന് പകരം 300 എം.എം ഡി.ഐ പൈപ്പ് ലൈൻ ചെങ്ങളം പ്ലാന്റ് വരെ സ്ഥാപിച്ചാൽ പ്രതിസന്ധി പരിഹരിക്കാം. (റൂബി ചാക്കോ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ).