കോട്ടയം: നഗരസഭയിലെ സാധാരണക്കാരായ 200 ഓളം ശുചീകരണ തൊഴിലാളികളുടെ ഓണം നഗരസഭ അധികൃതർ ദുരിതത്തിലാക്കി. തൊഴിലാളികൾക്ക് ഓണം അഡ്വാൻസോ ഓണം അലവൻസോ മുൻകൂർ ശമ്പളമോ നൽകാൻ നഗരസഭ അധികൃതർ തയ്യാറായില്ല. തൊഴിലാളികൾക്ക് ഓണം അഡ്വാൻസ് ഒപ്പിടാതെ നഗരസഭ സെക്രട്ടറി പോയതാണ് ഇവരുടെ ഓണം ദുരിതത്തിലാകാൻ കാരണം.

കുത്തിയിരുപ്പ് സമരവുമായി ശുചീകരണത്തൊഴിലാളികൾ
കോൺഗ്രസ് ഭരിക്കുന്ന നഗരസഭയ്ക്കെതിരെ പ്രത്യക്ഷസമരവുമായി ഐ.എൻ.ടി.യു.സി രംഗത്ത്. മൂന്നുകോടി രൂപയുടെ സാമ്പത്തിക ക്രമക്കേടിന്റെ തീരാകളങ്കത്തിൽ നഗരസഭ മുങ്ങിനിൽക്കുന്ന സാഹചര്യത്തിലാണ് ഓണത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കാതെ വന്നതോടെ ശുചീകരണത്തൊഴിലാളികൾക്ക് ഐക്യദാർഢ്യവുമായി ഐ.എൻ.ടി.യു.സി രംഗത്തെത്തിയത്. ഉത്രാടദിവസമായിട്ടും ഓണം അഡ്വാൻസോ ബോണസോ അക്കൗണ്ടിൽ എത്താത്തതിനെ തുടർന്നാണ് ശുചീകരണത്തൊഴിലാളികൾ ഇന്നലെ നഗരസഭയുടെ മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി. ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ നഗരസഭയുടെ മുന്നിൽ നടത്തിയ സമരം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. നഗരം മുഴുവൻ ശുചീകരിക്കുന്ന തൊഴിലാളികൾ മുനിസിപ്പാലിറ്റിയുടെ നട്ടെല്ലാണ്. നഗരസഭയിലെ സാമ്പത്തികത്തട്ടിപ്പിനും ശുചീകരണത്തൊഴിലാളികളുടെ ആനുകൂല്യം മുടങ്ങിയതിനും കാരണം അധികാരികളുടെ അശ്രദ്ധയാണ്. ശുചീകരണത്തൊഴിലാളികളോട് വിവേചനപരമായ നിലപാടാണ് സെക്രട്ടറിയുടേത്. ധിക്കാരപരമായ സമീപനം ഇനി ആവർത്തിച്ചാൽ മുനിസിപ്പാലിറ്റിയുടെ മുന്നിൽ നിരന്തരസമരം സംഘടിപ്പിക്കുമെന്നും സെക്രട്ടറിയുടെ വിവേചനത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൗൺസിലർ എം.എ ഷാജി അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജനറൽ സെക്രട്ടറി ബിജു ഇമ്മാനുവൽ, കൺവീനർ ഗോപാലകൃഷ്ണൻ ചെട്ടിയാർ, യൂണിറ്റ് പ്രസിഡന്റ് യൂനസ്, കോൺഗ്രസ് നേതാവ് നന്തിയോട് ബഷീർ തുടങ്ങിയവർ പങ്കെടുത്തു.

നഗരസഭ സെക്രട്ടറിയെ നിയന്ത്രിക്കേണ്ട നഗരസഭ ഭരണാധികാരികളുടെ കെടുകാര്യസ്ഥതയാണ് ഇത്തരത്തിൽ ജീവനക്കാരുടെ ഓണ ആനുകൂല്യം മുടങ്ങാൻ കാരണം. (അഡ്വ.ഷീജ അനിൽ നഗസഭ പ്രതിപക്ഷ നേതാവ് )