
മണർകാട്: ആയിരങ്ങൾക്ക് ദർശനപുണ്യമേകി മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ നട അടച്ചു. ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് കത്തീഡ്രലിലെ പ്രധാന മദ്ബഹായിലെ ത്രോണോസിൽ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം വിശ്വാസികൾക്ക് ദർശനത്തിനായി വർഷത്തിൽ ഒരിക്കൽ മാത്രമാണ് തുറക്കുന്നത്. എല്ലാ വർഷവും സെപ്തംബർ ഏഴിന് തുറക്കുന്ന നട, സ്ലീബാ പെരുന്നാൾ ദിനമായ 14ന് സന്ധ്യാപ്രാർഥനയെത്തുടർന്നാണ് അടയ്ക്കുന്നത്.
നാനാജാതിമതസ്ഥരായ ആയിരക്കണക്കിന് വിശ്വാസികളാണ് നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പള്ളിയിലേക്ക് കഴിഞ്ഞ ദിവസങ്ങളിൽ എത്തിയിരുന്നത്. ഇന്നലെ രാവിലെ നടന്ന കുർബാനയ്ക്കും വൈകിട്ട് നടന്ന സന്ധ്യാപ്രാർഥനയ്ക്കും വൻ ഭക്തജനതിരക്കായിരുന്നു. വൈദ്യുത ദീപാലങ്കാരം കാണാൻ രാത്രി വൈകിയും വിശ്വാസികളുടെ തിരക്കായിരുന്നു.
സ്ലീബാ പെരുന്നാൾ ദിനമായ ഇന്നലെ രാവിലെ 7.30നു വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്കു ക്‌നാനായ അതിഭദ്രാസനം കല്ലിശേരി മേഖലാധിപൻ കുര്യാക്കോസ് മോർ ഗ്രിഗോറിയോസ് മുഖ്യകാർമികത്വം വഹിച്ചു. വൈകുന്നേരം നടന്ന സന്ധ്യാപ്രാർഥനയ്ക്കു ക്‌നാനായ അതിഭദ്രാസനം റാന്നി മേഖലാധിപൻ കുര്യാക്കോസ് മോർ ഈവാനിയോസ് മുഖ്യകാർമികത്വം വഹിച്ചു. സന്ധ്യാപ്രാർഥനയെത്തുടർന്ന് നടന്ന ആശീർവാദത്തോടെ മദ്ബഹായുടെ തിരശീലയിട്ട ശേഷമായിരുന്നു നട അടച്ചത്.
കത്തീഡ്രൽ വികാരി ഇ.ടി. കുര്യാക്കോസ് കോർ എപ്പിസ്‌കോപ്പ ഇട്ട്യാടത്ത്, സഹവികാരിയും പ്രോഗ്രാം കോഓർഡിനേറ്ററുമായ കെ. കുറിയാക്കോസ് കോർഎപ്പിസ്‌കോപ്പ കിഴക്കേടത്ത്, സഹവികാരിമാരായ കുര്യാക്കോസ് ഏബ്രഹാം കോർഎപ്പിസ്‌കോപ്പ കറുകയിൽ, ഫാ. കുര്യാക്കോസ് കാലായിൽ, ഫാ. ജെ മാത്യൂ മണവത്ത്, ഫാ. എം.ഐ. തോമസ് മറ്റത്തിൽ, മറ്റു വൈദികരും ശുശ്രൂഷകൾക്ക് സഹകാർമ്മികത്വം വഹിച്ചു.