
എരുമേലി : ശബരിമല തീർത്ഥാടനത്തിന്റെ പ്രവേശന കവാടമായ എരുമേലിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായുള്ള ബൈപ്പാസ് യാഥാർത്ഥ്യത്തിലേക്ക്. ഓരുങ്കൽകടവ്, എരുമേലി ടൗൺ, വലിയമ്പലം ഭാഗം, പൊരിയൻ മല, കരിമ്പിൻതോട് പ്രദേശങ്ങളിലെ ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു ഇത്. നാളെ ഉച്ചകഴിഞ്ഞ് 3 ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ശുഭേഷ് സുധാകരൻ കരാറുകാരനെ ആദരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ജൂബി അഷറഫ്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി എന്നിവർ സംസാരിക്കും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ് കൃഷ്ണകുമാർ സ്വാഗതം പറയും.
ദീർഘദൂര യാത്രക്കാർക്ക് ആശ്വാസം
ശബരിമല തീർത്ഥാടന കാലത്ത് അയ്യപ്പഭക്തർ ഒഴികെയുള്ള മറ്റ് വാഹനങ്ങൾക്ക് എരുമേലി ടൗണിൽ പ്രവേശിക്കാതെ ഇതുവഴി കടന്നുപോകാനാകും. ദീർഘദൂര യാത്രക്കാർക്കും റോഡ് ഏറെ സഹായകരമാകും. ഭാവിയിൽ നിർദിഷ്ട ശബരി ഗ്രീൻഫീൽഡ് എയർപോർട്ട് യാഥാർത്ഥ്യമാകുമ്പോൾ ഇതിന് സമീപത്തുകൂടി വരുന്ന പ്രധാന റോഡുമാകും. എരുമേലിയുടെ വികസനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയിരിക്കുന്ന മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് ബൈപ്പാസ് റോഡ് വികസിപ്പിച്ചിരിക്കുന്നത്.
ബി.എം ആൻഡ് ബി.സി നിലവാരത്തിൽ
ബൈപ്പാസിനായി ചെലവഴിച്ചത് 5 കോടി
''മാസ്റ്റർ പ്ലാനിന് ഒന്നാംഘട്ടമായി അനുവദിച്ചിരിക്കുന്ന 10 കോടി രൂപ വിനിയോഗിച്ച് ടൗൺ പ്രദേശത്തെ റിംഗ് റോഡുകളുടെ വികസനം, കൊച്ചമ്പലവും വാവര് പള്ളിയുമായി ബന്ധിപ്പിച്ച് ഫ്‌ളൈ ഓവറും പരിഗണനയിലുണ്ട്.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ