
പൊൻകുന്നം : കൗരവരിൽ രണ്ടാമനായ ദുശ്ശാസനനെ കാരുണ്യമൂർത്തിയായി ആരാധിക്കുന്ന ചിറക്കടവ് മണിമലക്കുന്നിലെ കാവിൽ അവിട്ടം ഉത്സവം നടത്തി. കാവിന്റെ മുൻപിലെ തറയിൽ ഭക്തർ സമർപ്പിച്ച കരിക്കുകൾ ദേവപ്രീതിക്കായി മൂഴിക്കൽ ശ്രീധരന്റെ കാർമ്മികത്വത്തിൽ എറിഞ്ഞുടച്ചു. കപ്പചുട്ടതും മദ്യവുമാണ് നേദിച്ചത്. പേരൂർ ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളത്തോടെയാണ് മണിമലക്കുന്നിലെ കാവിലേക്ക് ഭക്തർ എത്തിയത്. തുടർന്ന് മൂഴിക്കൽ ശ്രീധരൻ ശബരിമല വനത്തിൽ കൗരവർ കുടികൊള്ളുന്നുവെന്ന് വിശ്വസിക്കുന്ന മലകളുടെ പേര് വിളിച്ചുചൊല്ലി മലവിളി ചടങ്ങ് നിർവഹിച്ചു. ചിങ്ങമാസത്തിലെ അവിട്ടം നാളിൽ മാത്രമാണ് ദുശ്ശാസനൻ കാവിൽ ദർശനവും പൂജയും.