
പൊൻകുന്നം : എരുമേലി - ബംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന സാനിയ ബസിൽ നിന്ന് പൊൻകുന്നത്തുനിന്ന് എക്‌സൈസ് സംഘം 23 ലക്ഷം രൂപ കണ്ടെടുത്തു. രാവിലെ പാലായിൽ വച്ചും 42,48500 രൂപ പിടികൂടിയിരുന്നു. സംഭവത്തിൽ യാക്കാരനായിരുന്ന കട്ടപ്പന വെള്ളയാംകുടി മനോജ് മണിയെ അറസ്റ്റ് ചെയ്തിരുന്നു. എരുമേലി സ്വദേശിയായ ഷുക്കൂറിന് കൈമാറാനാണ് പണം കൊണ്ടുവന്നതെന്ന് ഇയാൾ മൊഴി നൽകി.
അടുത്ത സർവീസിന് മുമ്പ് വൃത്തിയാക്കാനായി ഗ്യാരേജിൽ കയറ്റിയപ്പോൾ ബർത്തിൽ നിന്ന് ജീവനക്കാർ ഒരു പൊതി കണ്ടെടുത്തു. തുടർന്ന് ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് പൊൻകുന്നത്ത് നിന്ന് എക്‌സൈസ് സംഘം എത്തി പൊതി അഴിച്ചപ്പോഴാണ് 23 ലക്ഷം രൂപ കണ്ടെത്തിയത്. തുടർന്ന് ഇത് പൊൻകുന്നം പൊലീസിന് കൈമാറി. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ നെജിമോൻ, അസി.ഇൻസ്‌പെക്ടർ പി.എ.നജീബ്, എം.പി.സുനിൽ, റെജി കൃഷ്ണൻ, കോൺസ്റ്റബിൾ അജേഷ് ശേഖർ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.