
മുണ്ടക്കയം : അഞ്ചുനില മന്ദിരമുണ്ട്, സ്ഥല സൗകര്യവുമുണ്ട്...പക്ഷേ മരുന്നിന് പോലും ഡോക്ടർമാരില്ല. ദിവസവും ഒ.പി വിഭാഗത്തിൽ ചികിത്സ തേടിയെത്തുന്നത് നാനൂറിലധികം രോഗികളാണ്. പരിശോധിക്കാൻ ആകെയുള്ളത് ഒരാൾ മാത്രം. തോട്ടം മേഖലയിലെ സാധാരണക്കാരുടെ ഏക ആശ്രയമായ മുണ്ടക്കയം കുടുംബാരോഗ്യകേന്ദ്രം സജ്ജീകരണങ്ങളുടെ കാര്യത്തിൽ ഏറെ പിന്നാക്കമാണ്. ഇന്നലെ രാവിലെ മുതൽ ഒ.പിയ്ക്ക് മുൻപിൽ നീണ്ട ക്യൂവായിരുന്നു. ഉച്ചയായിട്ടും പലർക്കും ഡോക്ടറെ കാണാനായില്ല. ഇതിനിടെ ചിലർ തളർന്നവശരായി. നിരവധിപ്പേർ സ്വകാര്യ ആശുപത്രികളിൽ അഭയം തേടി. പുതിയ മന്ദിരം പ്രവർത്തന സജ്ജമാകുന്നതോടെ കൂടുതൽ ആളുകൾക്ക് ആശുപത്രിയിലെ സേവനങ്ങൾ പ്രയോജനപ്പെടുമെന്നായിരുന്നു അധികൃതരുടെ പ്രഖ്യാപനം. അവധി ദിനങ്ങളിൽ പ്രഭാത സായാഹ്ന ഒ.പിയിൽ ഒരു ഡോക്ടറേയുണ്ടാകൂവെന്നാണ് ജീവനക്കാർ പറയുന്നത്. മറ്റ് ദിനങ്ങളിൽ 3 ഡോക്ടർമാരും. എന്നാലും മണിക്കൂറുകൾ കാത്തുനിന്നാലേ മരുന്നുമായി രോഗികൾക്ക് വീട്ടിലേക്ക് മടങ്ങാനാകൂ.
ലിഫ്‌റ്റടക്കമുണ്ട്, കിടത്തി ചികിത്സയില്ല
അടിസ്ഥാന സൗകര്യങ്ങളെല്ലാമുണ്ടെങ്കിലും താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതിന് നടപടികളൊന്നുമില്ല. കാഞ്ഞിരപ്പള്ളിയിൽ ജനറൽ ആശുപത്രിയുള്ളതിനാൽ കുറഞ്ഞ ദൂരപരിധിയിൽ വീണ്ടും ഒരു താലൂക്ക് ആശുപത്രിയോ, ജനറൽ ആശുപത്രിയോ അനുവദിക്കാൻ നിയമമില്ല എന്നാണ് തൊടുന്യായം. നിലവിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് ആശുപത്രി. നിലവിൽ രണ്ട് നിലകളിൽ മാത്രമാണ് പ്രവർത്തനം. കിടത്തി ചികിത്സയ്ക്കും, മറ്റ് പ്രത്യേക വിഭാഗങ്ങൾക്കും സൗകര്യമുണ്ടെങ്കിലും ഒരുക്കിയിട്ടില്ല. ലിഫ്റ്റ് സൗകര്യവുമുണ്ട്. ഡയാലിസിസ് കേന്ദ്രത്തിനായി അപേക്ഷ നൽകിയെങ്കിലും അനുമതി ലഭ്യമായില്ല.
സ്ഥാപിച്ചത് : 1910ൽ
''കൂടുതൽ ചികിത്സാ വിഭാഗങ്ങൾ ഏർപ്പെടുത്തിയാൽ ഏലപ്പാറ, കട്ടപ്പന, പെരിയാർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള രോഗികൾക്കും ഗുണകരമാകും. പുതിയ മന്ദിരം പ്രയോജനപ്പെടുത്താൻ അധികൃതർ തയ്യാറാകണം.
രാജീവൻ, മുണ്ടക്കയം
രോഗികളുടെ ആവശ്യം
വിവിധ വിഭാഗങ്ങളിൽ ചികിത്സയും ഡോക്ടർമാരുടെ സേവനവും ഏർപ്പെടുത്തുക
ഗൈനക്കോളജി വിഭാഗം, ഇ.എൻ.ടി തുടങ്ങിയവ അടിയന്തരമായി ആരംഭിക്കുക