ksrtc

മുണ്ടക്കയം : അപകടത്തിൽ ഗുരുതര പരിക്കേറ്റ് റോഡിൽ കിടന്ന യുവാവിന് രക്ഷകരായി കെ.എസ്.ആർ.ടി.സി ഡ്രൈവറും,​ കണ്ടക്ടറും. ദേശീയപാതയിൽ ചോറ്റി നിർമലാരം ജംഗ്ഷനിൽ ബൈക്ക് ഓട്ടോയിലും സ്‌കൂട്ടറിലും ഇടിച്ച് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന വണ്ടിപ്പരിയാർ സ്വദേശി കൂടത്തിൽ അഭിജിത്തിനാണ് പരിക്കേറ്റത്. നാട്ടുകാർ ഓടിക്കൂടിയെങ്കിലും ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ല. ഈ സമയമാണ് പാലാ - മുണ്ടക്കയം റൂട്ടിൽ സർവീസ് നടത്തുന്ന ബസ് ഇതുവഴി വന്നത്. കണ്ടക്ടർ കൂരോപ്പട സ്വദേശി ആലുങ്കൽ പറമ്പിൽ ജയിംസ് കുര്യൻ, ഡ്രൈവർ ചിറക്കടവ് സ്വദേശി കുതിരകുളത്ത് കെ.ബി.രാജേഷ് എന്നിവർ ബസ് നിറുത്തി യുവാവിനെ റോഡിന്റെ വശത്തേക്ക് മാറ്റിക്കിടത്തി. നിരവധി വാഹനങ്ങൾ കൈകാണിച്ചെങ്കിലും നിറുത്തിയില്ല. തുടർന്നാണ് ബസിൽ കയറ്റി മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചത്. കൃത്യസമയത്ത് എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി.