naga

വൈക്കം: വൈക്കം നഗരസഭയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തി മുൻചെയർപേഴ്സൺ എസ്.ഇന്ദിരാദേവി രംഗത്ത്. കഴിഞ്ഞ ഭരണസമിതിയിലെ ചെയർപേഴ്സണും നിലവിൽ ആറാം വാർഡ് കൗൺസിലറുമാണ് ഇന്ദിരാദേവി. തന്റെ വാർഡിൽ വീടിനുസമീപത്തെ ഹൈപ്പവർ ബ്രിഡ്ജ് എന്ന സ്ഥാപനത്തിൽ നിന്നുള്ള ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളും റോഡ് നശീകരണവും ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് നിയമവിരുദ്ധമായി നഗരസഭ സെക്രട്ടറി ഒത്താശ ചെയ്യുന്നുവെന്ന ആക്ഷേപമാണ് ഉന്നയിക്കുന്നത്. മാടവന മഠം ആർ സുനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് വാടകയ്ക്ക് സ്ഥാപനം പ്രവർത്തിക്കുന്നത്. ഹോളോബ്രിക്സ് നിർമാണം മൂലമുണ്ടാകുന്ന പൊടിശല്യം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുന്നതായി ഇന്ദിരാദേവി പറഞ്ഞു. വ്യവസായ വകുപ്പിന്റെ അക്‌നോളഡ്ജ്‌മെന്റ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. ഇതുപറഞ്ഞ് തെറ്റിദ്ധരിപ്പിക്കപ്പെട്ടതുമൂലം താൻ തന്നെയാണ് ഹോളോബ്രിക്സ് നിർമാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തത്. എന്നാൽ തുടർന്നുണ്ടായ അന്വേഷണത്തിലാണ് നിയമവിരുദ്ധമായാണ് സ്ഥാപനം പ്രവർത്തിക്കുന്നത് എന്ന് മനസിലായത്. സ്ഥാപനത്തിനെതിരെ നഗരസഭ സെക്രട്ടറിയ്ക്ക് പരാതി നൽകിയിട്ടും നിരുത്തരവാദപരമായ സമീപനമാണ് സെക്രട്ടറി സ്വീകരിക്കുന്നതെന്ന് ഇന്ദിരാദേവി ആരോപിച്ചു.

അവിശ്വാസപ്രമേയം: ചർച്ച 24ന്

വൈക്കം: നഗരസഭ വൈസ് ചെയർമാനെതിരെ എൽ.ഡി.എഫ് നൽകിയ അവിശ്വാസപ്രമേയ നോട്ടീസ് 24ന് കൗൺസിൽ ചർച്ചയ്ക്കെടുക്കും. വൈക്കം നഗരസഭയിൽ യു.ഡി.എഫ് ഭരണത്തിൽ മൂന്ന് ചെയർപേഴ്സൺമാർ മാറിവന്നു. ഇവരിൽ പലരുടേയും കാലത്ത് അനധികൃതമായ ഇടപാടുകളും അഴിമതിയും നടത്തുന്നതിൽ വൈസ് ചെയർമാന്റെ പങ്ക് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്. എൽ.ഡി.എഫ് പാർലമെന്ററി പാർട്ടിക്കുവേണ്ടി ആർ.സന്തോഷ്, കവിത രാജേഷ് എന്നിവരാണ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്.