pola

കുമരകം : ചന്തത്തോടോ അതോ പച്ച വിരിച്ച മൈതാനമോ? ആര് കണ്ടാലും ഒന്ന് ശങ്കിച്ചുപോകും. കാരണം അത്രത്തോളം പോള പുതച്ച് കിടക്കുകയാണ്. വള്ളവും ബോട്ടുമൊക്കെ എങ്ങനെ മുന്നോട്ട് നീങ്ങും! കുമരകത്തെ വിനോദസ‌ഞ്ചാരമേഖലയിൽ ജോലി ചെയ്യുന്നവരും ഉപജീവനത്തിനായി പണിയെടുക്കുന്ന മത്സ്യത്തൊഴിലാളികളുമൊക്കെ ദുരിതത്തിലാണ്. ഒപ്പം മുഹമ്മ - കുമരകം ബോട്ട് സർവീസും പ്രതിസന്ധിയിലായി. കായൽ തീരത്തെ കുരിശടി വരെ സർവീസ് വെട്ടിച്ചുരുക്കി. ഇതോടെ യാത്രക്കാരും വലയുകയാണ്. നീരൊഴുക്ക് നിലച്ച് തിങ്ങിനിറഞ്ഞ പോള ചീഞ്ഞളിഞ്ഞതോടെ തോട്ടിലെ വെള്ളം പൂർണ്ണമായും മലിനമായി. ഇത് കടുത്ത രോഗഭീതിയാണ് ഉയർത്തുന്നത്. പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വെള്ളം ഉപയോഗിക്കാൻ കഴിയാത്ത സൗഹചര്യമാണ്.

പോള തിങ്ങി നിറയുന്നത് മത്സ്യ പ്രജനനത്തിനും, മത്സ്യസമ്പത്തിനും ഭീഷണിയാകുമെന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികൾ. വായു സഞ്ചാരം പോലും ലഭിക്കാത്തതിനാൽ ഓക്‌സിജൻ ലഭിക്കാതെ മീൻകുഞ്ഞുങ്ങൾ അധികവും ചത്തു പോകും. പോളയും പായലും കുടുങ്ങി വലകൾക്ക് കേടുപാടും പതിവാണ്.

ബോട്ടുയാത്ര ഉപേക്ഷിച്ച് സഞ്ചാരികൾ

വഞ്ചി വീട്ടുകളിൽ കായൽ സവാരി ചെയ്ത് ഓണം അവധി ആഘോഷിക്കാൻ കുമരകത്ത് എത്തുന്ന വിനോദ സഞ്ചാരികൾ പോള ശല്യം കാരണം ബോട്ടു യാത്ര ഉപേക്ഷിച്ച് നിരാശയോടെ മടങ്ങുകയാണ്. കഴിഞ്ഞ ദിവസം നടന്ന കവണാറ്റിൻകര ടൂറിസം വള്ളംകളി മത്സരത്തിന് ട്രാക്കിൽ പോള നിറഞ്ഞത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കായലിൽ നിന്ന് തോട്ടിലേക്ക് പോള കയറാതിരിക്കാൻ കഴിഞ്ഞ വർഷം കുമരകം പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി മുഖാരങ്ങളിൽ കുറ്റികളും വലയും സ്ഥാപിച്ചെങ്കിലും ഏതാനും മാസങ്ങൾക്കകം തകർന്നു. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നിടങ്ങളിൽ നിന്നുള്ള പൈലിംഗ് വേസ്റ്റും തോട്ടിലേക്കെത്തുകയാണ്.

ബോട്ട് സർവീസ് നിറുത്തേണ്ട സാഹചര്യം

ബോട്ടുകളുടെ പ്രൊപ്പല്ലറിൽ പോള കുടുങ്ങി തകരാർ സംഭവിക്കുന്നത് പതിവാണ്. ജീവനക്കാർ ഇറങ്ങി പോള നീക്കം ചെയ്ത ശേഷമാണ് ബോട്ട് മുന്നോട്ട് നീങ്ങുന്നത്. ഇത് സമയനഷ്ടവുമുണ്ടാക്കുന്നു. പോള ശല്യം രൂക്ഷമായാൽ ബോട്ട് സർവീസ് നിറുത്തിവയ്ക്കേണ്ട സാഹചര്യമാണ്. ഇത് പടിഞ്ഞാറൻ മേഖലയിൽ യാത്രാദുരിതം ഇരട്ടിയാക്കും.

''പോള ശല്യം തുടർക്കഥയാകുമ്പോഴും പഞ്ചായത്തും, ടൂറിസം , ഫിഷറീസ് വകുപ്പുകൾ നിസംഗത പുലർത്തുകയാണ്. എം. എൽ.എ അടക്കമുള്ള ജനപ്രതിനിധികൾ ഇടപെട്ട് എത്രയും പെട്ടന്ന് ശാശ്വത പരിഹാരം കാണണം.

-രാജപ്പൻ, മത്സ്യത്തൊഴിലാളി