
ഭരണങ്ങാനം : പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ ബീന ടോമിയെ തിരഞ്ഞെടുത്തു. ബീനയ്ക്ക് 6 വോട്ടും കേരള കോൺഗ്രസ് (എം) അംഗമായ സുധ ഷാജിക്ക് 2 വോട്ടും ലഭിച്ചപ്പോൾ, ബി.ജെ.പി അംഗം വിട്ടു നിന്നു.
സി.പി.എം അംഗം ജെസി ജോസും , സി.പി.ഐ പ്രതിനിധി അനുമോൾ മാത്യുവും ഹാജരാകാത്തത് എൽ.ഡി.എഫിൽ അസ്വാരസ്യത്തിനുമിടയാക്കി. ജെസി ജോസിനെ കാണാനില്ലെന്നു കാട്ടി പാർട്ടി നേതൃത്വം പാലാ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ തലേന്ന് നടന്ന ഇടതുമുന്നണി പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുത്ത അനുമോൾ മാത്യു തിരഞ്ഞെടുപ്പിൽ പങ്കെടുക്കാതെ മുങ്ങിയത് മാണിഗ്രൂപ്പിനെ ചൊടിപ്പിച്ചിരിക്കുകയാണ്. ഇതിന് പിന്നിൽ ചില ചരടുവലികൾ നടന്നെന്നാണ് പ്രധാന ആക്ഷേപം. ക്വാറം തികയ്ക്കാൻ ബി.ജെ.പി പ്രതിനിധി രാഹുൽ ജി. കൃഷ്ണൻ യോഗത്തിനെത്തിയെങ്കിലും വോട്ടുചെയ്യാതെ മടങ്ങിയതിന് പിന്നിൽ ഗൂഢാലോചനയാണ് ആരോപിക്കുന്നത്. കോൺഗ്രസ് നേതാവും ഇടതുമുന്നണിയിലെ ചിലരുമായുള്ള അവിശുദ്ധ ബന്ധമെന്ന ഗുരുതര ആരോപണവും മാണിഗ്രൂപ്പ് ഉയർത്തുന്നു. ആകെ സീറ്റ് 13 ആണ്. രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെ ഇടതിന് 6 സീറ്റും, യു.ഡി.എഫിന് 6 സീറ്റുമാണുള്ളത്. ഇടത് സ്വതന്ത്രരായ വിനോദ് വേരനാനിയും , എൽസമ്മ ജോർജ്ജുകുട്ടിയും തിരഞ്ഞെടുപ്പ് ഹാളിൽ കയറിയില്ല.