
കോട്ടയം: സംസ്ഥാനത്ത് എം പോക്സ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ മുന്നൊരുക്കങ്ങൾ കർശനമാക്കി. പാലാ ജനറൽ ആശുപത്രിയിൽ ഐസുലേഷൻ വാർഡും സജ്ജമാക്കി. ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.
പാലാ ജനറൽ ആശുപത്രിയിൽ കൊവിഡ് രോഗികൾക്കായി സജ്ജമാക്കിയ വാർഡാണ് എം പോക്സ് സ്ഥിരീകരിച്ചാൽ രോഗികളെ പ്രവേശിപ്പിക്കാനായി ഒരുക്കിയിരിക്കുന്നത്. ആറ് കിടക്കകളും ഐ.സി.യു യൂണിറ്റും സജ്ജമാക്കിയിട്ടുണ്ട്. എം പോക്സ് ബാധിച്ചാൽ ശ്വാസസംബന്ധമായ പ്രശ്നങ്ങളുണ്ടാവില്ലെങ്കിലും കേന്ദ്രീകൃത ഓക്സിജൻ സംവിധാനവും വാർഡിൽ ഒരുക്കിയിട്ടുണ്ട്. നിലവിൽ ജില്ലയിലുള്ളവരാരും സമ്പർക്കപ്പട്ടികയിൽ ഇല്ലെങ്കിലും ഉൾപ്പട്ടാൽ അവരെ നിരീക്ഷിക്കാനും സൗകര്യമുണ്ട്. രോഗം സ്ഥിരീകരിച്ചാൽ വിവിധ വിഭാഗങ്ങളുടെ ഏകോപനത്തിനായി കൺട്രോൾ റൂം സംവിധാനവുമൊരുക്കും. സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടവർക്ക് രോഗലക്ഷണമുണ്ടായാൽ സാംപിൾ അയക്കുകയും ആവശ്യമായ മരുന്നുകൾ, ഗ്ലൗസുകൾ ഉൾപ്പെടെയുള്ള സുരക്ഷാസംവിധാനങ്ങൾ ഉറപ്പാക്കും.
മങ്കി പോക്സല്ല ചിക്കൻ പോക്സ്
കഴിഞ്ഞ ദിവസം വിദേശത്ത് നിന്ന് വന്നയാൾക്ക് മങ്കി പോക്സിന്റെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സാമ്പിൾ പരിശോധിച്ചെങ്കിലും ഫലം നെഗറ്റീവാണ്. ഇയാളിൽ ചിക്കൻപോക്സ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തുന്നവരുടെ ശരീരത്തിൽ മങ്കി പോക്സിന് സമാനമായ ലക്ഷണങ്ങൾ കണ്ടാൽ പരിശോധന ഉറപ്പായും നടത്തണമെന്ന നിർദേശവുമുണ്ട്.
ജാഗ്രതാ നിർദേശം
പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവ പ്രാരംഭ ലക്ഷണങ്ങൾ. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ ദേഹത്ത് കുമിളകളും ചുവന്നപാടുകളും പ്രത്യക്ഷപ്പെടും. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ. കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകൾ എന്നിവിടങ്ങളിലും കുമിളകൾ.
ഇനി ശ്രദ്ധിക്കാൻ
അസുഖബാധിതരുമായി സുരക്ഷാമാർഗങ്ങൾ പാലിക്കാതെ അടുത്തിടപഴകരുത്
ആരോഗ്യപ്രവർത്തകർ അണുബാധ നിയന്ത്രണ മുൻകരുതലുകൾ സ്വീകരിക്കണം
ചിക്കൻ പോക്സിന്റെ കൂടി സമയമായതിനാൽ ശരീരത്തിലെ പാടുകൾ കണ്ട് ആരും ഭയക്കേണ്ട. എന്നാൽ വിദേശത്ത് നിന്ന് എത്തുന്നവരിൽ ലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യവകുപ്പിനെ ബന്ധപ്പെടണം. ജില്ലയിൽ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്.
ഡോ.പ്രിയ, ഡി.എം.ഒ