puli

മുണ്ടക്കയം: ദിവസങ്ങളായി പറത്താനം നിവാസികൾ ഭീതിയിലാണ്. പറത്താനം വെട്ടുകല്ലാംകുഴിയിൽ പുലിയെ കണ്ടതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ശബ്ദസന്ദേശമാണ് പ്രദേശവാസികളിൽ ഭീതിപടർത്തുന്നത്. അതേസമയം സംഭവത്തിൽ വ്യക്തതയില്ലെന്നും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും വനം വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. ചൊവ്വാഴ്ച പുലർച്ചെ നാലോടെ മുണ്ടക്കയം പറത്താനം റോഡിലൂടെ ജീപ്പിൽ യാത്രചെയ്ത ഈരാറ്റുപേട്ട സ്വദേശി വെട്ടുകല്ലാംകുഴിയിലുള്ള സുഹൃത്തിനോട് ഫോണിൽ സംസാരിക്കുന്ന ശബ്ദസന്ദേശമാണ് വ്യാപകമായി പ്രചരിക്കുന്നത്. ജീപ്പിന് മുൻപിലൂടെ പുലി റോഡുമുറിച്ച് കടന്നുപോയതായും വളർത്തുമൃഗങ്ങളെ സൂക്ഷിക്കണമെന്നും ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. സ്വകാര്യ റബർത്തോട്ടം ഉൾപ്പെടെ 100 ഏക്കറോളം സ്ഥലം കാടുകയറിക്കിടക്കുന്ന പ്രദേശമാണ് ഇവിടം. എന്നാൽ മറ്റാരും പുലിയെ കണ്ടതായി സ്ഥിരീകരിച്ചിട്ടില്ല. ഗ്രാമപഞ്ചായത്തിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും പുലിയുടേതായ യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെന്ന് പഞ്ചായത്ത് അംഗങ്ങളായ ഷിജീ ഷാജിയും ജോമി തോമസും പറഞ്ഞു.

വളർത്തുനായയെ പുലി പിടിച്ചു!

തന്റെ വളർത്തുനായെ പുലി പിടികൂടിയെന്ന വെളിപ്പെടുത്തലുമായി ആദിവാസി ഊരുമൂപ്പൻ. ഊരുമൂപ്പൻ കാളകെട്ടി ജനാർദനന്റെ വീട്ടിൽനിന്നാണ് രണ്ടു വളർത്തു നായകളിൽ ഒന്നിനെ കഴിഞ്ഞദിവസം കാണാതായത്. നായയെ കടിച്ചുകൊണ്ട് ഒരു ജീവി രാത്രിയിൽ പായുന്നത് കണ്ടതായും ആദിവാസി ഊരുമൂപ്പൻ പറയുന്നു. വനംവകുപ്പിനെ അറിയിച്ചിട്ടും തുടർനടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.