
കോട്ടയം : കത്തിയാളുന്ന വിശപ്പ്, ഉച്ചസമയത്ത് നല്ല കടൽ വിഭവങ്ങൾ കൂട്ടി ഒരു ഉൗണ് കഴിച്ചാലോ...നാഗമ്പട
ത്ത് നിങ്ങൾക്കായി മത്സ്യഫെഡിന്റെ റസ്റ്റോറന്റ് നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. മുനിസിപ്പൽ പാർക്കിന് സമീപം മത്സ്യഫെഡിന്റെ അക്വേറിയം പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. വിനോദ സഞ്ചാര ആകർഷക പദ്ധതി എന്നതിനൊപ്പം സാധാരണക്കാരെയും ലക്ഷ്യമിട്ടുള്ളതാണ് സംരംഭം. കടലിൽ നിന്നുള്ള എല്ലാ വിഭവങ്ങളും ഇവിടെ ആവശ്യമനുസരിച്ച് തയ്യാർ ചെയ്ത് നൽകും. കെട്ടിടത്തിൽ ഭക്ഷണ ശാലകൾക്കായുള്ള ക്യാബിനുകൾ നിർമ്മിച്ചു. അടുക്കളയുടെ നിർമ്മാണവും നടക്കുകയാണ്. നഗരസഭയുടെ 20 സെന്റ് സ്ഥലത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്.
2018 ൽ അക്വേറിയം പ്രവർത്തനം നിലച്ചു
12 വർഷം മുൻപാണ് നാഗമ്പടത്ത് ഫിഷ് ഗാലക്‌സി എന്ന പേരിൽ പബ്ലിക് അക്വേറിയം ആരംഭിച്ചത്. നിരവധി അലങ്കാര മത്സ്യങ്ങൾ ഉൾപ്പെടെ ഇവിടെ വിപണനം ചെയ്തിരുന്നു. 50 അക്വേറിയം ടാങ്കുകളുമുണ്ടായിരുന്നു. 2018 ലെ പ്രളയത്തെ തുടർന്ന് അക്വേറിയം പ്രവർത്തനം നിലച്ചു.
മത്സ്യഫെഡിന് കീഴിൽ ജില്ലയിലെ ആദ്യ കടൽ വിഭവ റസ്റ്റോറന്റ്
2000 ചതുരശ്രയടി വിസ്തീർണമുള്ള ഹാളിൽ വിപുലമായ സൗകര്യം
''കെട്ടിടത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പാതിപിന്നിട്ടു. ദ്രുതഗതിയിൽ പൂർത്തിയാക്കും.
(മത്സ്യഫെഡ് അധികൃതർ)