
കോട്ടയം : നല്ല വിളവ് പ്രതീക്ഷിച്ചു. വിരിപ്പ് കൃഷി കൊയ്ത്തിന് ഒരുക്കങ്ങളുമായി. ഇതിനിടെ ഇടിത്തീപ്പോലെ നെൽച്ചെടികളിൽ വ്യാപകമായ മഞ്ഞളിപ്പ് കണ്ടതോടെ കർഷകർ അങ്കലാപ്പിലാണ്. വിളവ് കുറഞ്ഞാൽ നഷ്ടം താങ്ങാവുന്നതിലുമപ്പുറമാണ്. തോരാമഴയെ തുടർന്ന് ചുവട്ടിൽ വെള്ളംകെട്ടി നിന്നതാണ് ഓലപഴുത്തുള്ള മഞ്ഞളിപ്പിന് കാരണമായി പറയുന്നത്. നെൽമണികൾ കൊഴിഞ്ഞ് പോകുകയാണ്. മൂന്നു തവണ കീടനാശിനി പ്രയോഗം നടത്തിയിട്ടും രക്ഷയില്ലെന്ന് കർഷകർ പറയുന്നു. കുമരകം, അയ്മനം ,തലയാഴം, വെച്ചൂർ, ആർപ്പൂക്കര, നീണ്ടൂർ ,കല്ലറ പഞ്ചായത്തുകളിൽ കുമരകത്തും അയ്മനത്തുമാണ് ആദ്യം കൊയ്ത്ത് തുടങ്ങുക. 350 ഏക്കർ വരുന്ന അയ്മനം വി.കെ.വി , ഉണ്ണിപ്പാടം (60 ഏക്കർ), 175 ഏക്കറിലെ കുമരകം തെക്കേമൂലപ്പാടം എന്നിവിടങ്ങളിലാണ് കൊയ്ത്തിന് ഒരുക്കങ്ങൾ നടക്കുന്നത്. മഞ്ഞളിപ്പിന്റെ പേരിൽ മില്ലുകാർ വില കുറയ്ക്കുമോ എന്ന ഭീതിയാണ് പടിഞ്ഞാറൻ മേഖലയിലുയരുന്നത്.
മഴ കൂടി ഇനി ചതിക്കരുതേ
കൊയ്ത്തിനിടയിൽ മഴ ചതിക്കരുതേ എന്ന പ്രാർത്ഥനയിലാണ് കർഷകർ. മഴ പെയ്താൽ കൊയ്ത്ത് വൈകും. കതിർമണികൾ കൊഴിയും. കൊയ്ത്ത് യന്ത്രം ചെളിയിൽ താഴും. വൈക്കോലും ചീഞ്ഞഴുകും. മഴമാറാൻ കാത്തിരുന്നാൽ വിളവിനെ ബാധിക്കും. പുഞ്ചക്കൃഷിയുടെ നെല്ല് കൊടുത്ത കർഷകർക്ക് ഇനിയും പണം ലഭിക്കാനുണ്ട്. എസ്.ബി.ഐ , കാനറാ ബാങ്ക് കൺസോർഷ്യത്തിൽ എസ്.ബി.ഐയിൽ നിന്നുള്ള പണമാണ് പി.ആർ.എസുള്ള കർഷകർക്ക് ലഭിക്കാനുള്ളത്. എന്നാൽ ജില്ലയിലെ മുഴുവൻ കർഷകർക്കും നെല്ല് സംഭരിച്ചതിനുള്ള പണം നൽകിയെന്നാണ് പാഡി ഓഫീസറുടെ വിശദീകരണം.
ക്വിന്റലിന് 2832 രൂപ, ഇത് പോരാ..
കൈകാര്യ ചെലവ് സഹിതം നെല്ല് ക്വിന്റലിന് 2832 രൂപയാണ് സപ്ലൈകോ നിശ്ചയിച്ച വില. നിലം ഒരുക്കുന്നത് മുതൽ കൊയ്ത്ത് വരെയുള്ള ചെലവ് കണക്കാക്കിയാൽ ഈ തുക പോരെന്ന് കർഷകർ പറയുന്നു. കേന്ദ്ര ത്തിന്റെ താങ്ങുവില സംസ്ഥാനം നൽകുന്നില്ലെന്നും പരാതിയുണ്ട്. അതേസമയം സപ്ലൈകോയ്ക്ക് നെല്ല് നൽകുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. കുമരകം , അയ്മനം പഞ്ചായത്തിൽ 700 കർഷകർ രജിസ്റ്റർ ചെയ്തു.
''നല്ല വിളവ് പ്രതീക്ഷിച്ചിരുന്നതിനിടയിലാണ് നെൽമണികളോട് ചേർന്ന് ഇലകളിൽ മഞ്ഞളിപ്പ് കണ്ടുതുടങ്ങിയത്. പല തവണ കീടനാശിനി പ്രയോഗം നടത്തിയതിന്റെ ചെലവ് കൂടിയതല്ലാതെ പ്രയോജനമുണ്ടായിട്ടില്ല.
പൊന്നപ്പൻ (നെൽ കർഷകൻ )