
കോട്ടയം: കുഴികളിൽനിന്ന് കുഴികളിലൂടെയുള്ള ചെല്ലിയൊഴുക്കം റോഡിലെ ദുരിതയാത്ര ഉടനെയൊന്നും അവസാനിക്കില്ലേ? റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ജനറൽ ആശുപത്രിയുടെ പിൻവശത്തെ റോഡ്, ബി.സി.എം കോളേജിന് പിൻവശത്തെ റോഡ്, ശീമാട്ടി റോഡ്, ബസേലിയേസ് കോളേജ് ജംഗ്ഷന് സമീപത്ത് നിന്നും ശാസ്ത്രി റോഡിലേക്ക് പ്രവേശിക്കുന്ന റോഡ് എന്നിവിടങ്ങളാണ് കാലങ്ങളായി തകർന്നു തരിപ്പണമായി കിടക്കുന്നത്. എൻ.സി.സി ഓഫീസിന് മുന്നിലുള്ള റോഡ് പൂർണമായും തകർന്നു. ഇവിടെ പാകിയ ഇന്റർലോക്ക് കട്ടകളും തകർന്നു. റോഡിലെ വെള്ളക്കെട്ടിനും മാറ്റമില്ല.ഇവിടുത്തെ വീടുകളും മഴക്കാലത്ത് വെള്ളക്കെട്ടിലാണ്. നിരവധി തവണ പരാതികൾ ഉന്നയിച്ചിട്ടും അധികൃതരുടെ മൂക്കിന് കീഴെയുള്ള നഗരത്തിലെ ഇടറോഡുകളുടെ സ്ഥിതിയിൽ നാളിതുവരെയായിട്ടും മാറ്റമില്ല.
റോഡ് കുത്തിപ്പൊളിച്ചത് പൈപ്പുകൾ സ്ഥാപിക്കാൻ
വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ സ്ഥാപിക്കുന്നതിനു വേണ്ടിയാണ് റോഡ് കുത്തിപ്പൊളിച്ചത്.
പൈപ്പുകൾ സ്ഥാപിച്ച കുത്തിപ്പൊളിച്ച ഭാഗം മാത്രം നിലവാരമില്ലാത്തവിധം റീടാർ ചെയ്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് അധികൃതർ തടിതപ്പി. വെയിലായാൽ ഇവിടെ പൊടിശല്യവും മഴയായാൽ വെള്ളക്കെട്ടും... ഇതാണ് റോഡിന്റെ സ്ഥിതി.
അപകടം നിത്യം
ചെറുതും വലുതുമായ കുഴികൾ നിറഞ്ഞ നിലയിലാണ് റോഡ്. പ്രദേശത്തെ ഏത് റോഡിലൂടെ കടന്നുപോയാലും കുഴികളാണ്. കുഴിയെ ഭയന്ന് ഇരുചക്ര വാഹനയാത്രക്കാർ ഓടയ്ക്ക് മുകളിലുള്ള സ്ലാബിലൂടെയാണ് കടന്നു പോകുന്നത്. വലിയ കല്ലുകളും ചരലും നിറഞ്ഞു. ഇരുചക്രവാഹനങ്ങളാണ് കൂടുതൽ അപകടത്തിൽപ്പെടുന്നത്.