ചങ്ങനാശേരി: നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിൽ പൂരം പടയണിയിലെ ഒന്നാംഘട്ടമായ ചൂട്ടു പടയണി ഇന്നലെ സമാപിച്ചു. രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കമാകും. ചൂട്ട്, കുട, പ്ലാവിലകോലം, പിണ്ടിയും കുരുത്തോലയും എന്നിങ്ങനെ നാല് ഘട്ടങ്ങളിലായാണ് പടയണി നടക്കുന്നത്. ഒന്നാം ഘട്ടമായ ചൂട്ടുപടയണി പച്ച കാണിക്കൽ ചടങ്ങുകളോടെ സമാപിച്ചു. നിറങ്ങളുടെ സാന്നിദ്ധ്യം അറിയിക്കുന്നതിനാണ് പച്ചകാണിക്കൽ ചടങ്ങ്. രണ്ടാംഘട്ടമായി കുട പടയണി ഇന്ന് രാത്രി ആരംഭിക്കും. കുടപ്പൂമരത്തിന്റെ വരവോടെ പടയണി രണ്ടാംഘട്ടത്തിലേക്ക് കടക്കും. അവിട്ടം നാളിൽ ചൂട്ടുവെച്ച് ആരംഭിക്കുന്ന നീലംപേരൂർ പൂരം പടയണിയിൽ അഗ്‌നിക്ക് പിന്നാലെ നിറങ്ങളുടെ സാന്നിദ്ധ്യവുമായാണ് കുടകൾ എത്തുന്നത്. കല്യാണസൗഗന്ധികം തേടിയുള്ള ഭീമസേനന്റെ യാത്രയ്ക്കിടയിൽ ഭീമസേനൻ കാണുന്ന കാഴ്ചകളിൽ അടുത്തതായി തട്ടുകട പടയണി കളത്തിൽ എത്തും. കുടപ്പൂമരം, തട്ടുകുട, പാറാ വളയം എന്നിവ പടയണി കളത്തിൽ എത്തും. കുടനിർത്ത് ചടങ്ങോടെ രണ്ടാംഘട്ടം അവസാനിക്കും. മൂന്നാം ഘട്ടത്തിൽ പ്ലാവിലക്കോലങ്ങൾ, താപസക്കോലം, ആന, ഹനുമാൻ, ഭീമസേനൻ, പ്ലാവിലക്കോലങ്ങൾ എത്തും. നാലാം ഘട്ടത്തിൽ പിണ്ടിയും കുരുത്തോലയും കൊടിക്കൂറ, കാവൽ പിശാച്, അമ്പലക്കോട്ട, സിംഹം എന്നിവ പടയണികളത്തിൽ എത്തും. അരിയും തിരിയും വയ്ക്കുന്നതോടെ ചടങ്ങുകൾ പൂർത്തിയാകും. പ്രകൃതിയുടെ അനുഗ്രഹത്തിന് ഗ്രാമം നടത്തുന്ന അർച്ചനയാണ് പടയണി. പ്രകൃതിയിൽ നിന്നുള്ള വസ്തുക്കൾ മാത്രമാണ് പടയണി ചടങ്ങുകൾക്കായി ഉപയോഗിക്കുന്നത്.