പാലാ : ഈ റോഡ് ഇനിയെന്ന് നിവരും ? മറുപടി പറയാൻ അധികൃതർക്ക് ആവുന്നില്ല. പാലായുടെ ഗതാഗത സ്വപ്നങ്ങൾക്ക് കുതിപ്പേകി നിർമ്മിച്ച സമാന്തര റോഡിന്റെ മൂന്നാംഘട്ടത്തിലെ വളവുള്ള ഭാഗം നിവർത്തുന്നതിനുള്ള നടപടികൾ ഇഴയുകയാണ്. അരുണാപുരം ഭാഗത്ത് ഒരു വീടും സ്ഥലവും ഏറ്റെടുക്കുന്നതിനുള്ള നടപടികൾ വൈകുന്നതാണ് സമാന്തരപാതയിലെ കൊടുംവളവിന് ശാപമോക്ഷം കിട്ടാത്തതിനു കാരണം.
ഇപ്പോൾ വാഹനങ്ങൾ മരിയൻ ജംഗ്ഷനിൽ അമ്പത് മീറ്റർ ദൂരത്തിൽ പഴയ റോഡിലൂടെ സഞ്ചരിക്കേണ്ടതുണ്ട്.
ഒരു വീടിനെ ചുറ്റി വളഞ്ഞാണ് ഇപ്പോൾ സമാന്തരപാത.
പുലിയന്നൂർ ജംഗ്ഷനിൽനിന്ന് സമാന്തരപാതയിലൂടെ പോകുന്ന വാഹനങ്ങൾക്ക് മരിയൻ ജംഗ്ഷൻ ചുറ്റി വേണം പോകുവാൻ. മറുഭാഗത്തുനിന്നും മറ്റു റോഡുകളിൽനിന്നും വരുന്ന വാഹനങ്ങളെ കാണുവാൻ സാധിക്കാത്തതിനാൽ ഇവിടെ അപകടങ്ങളുണ്ടാകാറുണ്ട്. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ നിയമ കുരുക്കിലാണ്. ഇതുംകൂടി ഏറ്റെടുത്ത് നിർമ്മാണം നടത്തിയാൽ മാത്രമേ സമാന്തര പാതയുടെ പ്രയോജനം പൂർണമായി യാത്രക്കാർക്ക് ലഭിക്കുകയുള്ളൂ.
നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാണ് സമാന്തരപാത. നഗരത്തിൽ പ്രവേശിക്കാതെ തന്നെ വിവിധ പ്രധാന റോഡുകളിലേക്ക് തിരിഞ്ഞുപോകുന്നതിന് സഹായിക്കുന്നതാണ് ഈ വഴി.
പാലാ പൂഞ്ഞാർ സംസ്ഥാന പാതയിൽ പുലിയന്നൂർ ജംഗ്ഷനിൽ തുടങ്ങി കിഴതടിയൂർ ജംഗ്ഷനിൽ പാലാ തൊടുപുഴ റോഡിൽ സമാപിക്കുന്നതാണ് മൂന്ന് ഘട്ടങ്ങളായുള്ള സമാന്തര റോഡ്. പുലിയന്നൂർ മുതൽ ആർ.വി. ജംഗ്ഷൻ വരെ ഒന്നര കിലോമീറ്റർ ദൂരത്തിലാണ് മൂന്നാഘട്ടം. 16 മീറ്ററോളം വീതിയിലാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. വാഹനങ്ങൾക്ക് ടൗണിൽ പ്രവേശിക്കാതെ പുലിയന്നൂരിൽ നിന്ന് തിരിഞ്ഞു പോകാം. ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതിലൂടെ കടന്നുപോകുന്നത്. സമാന്തരപാതയുടെ വിവിധ ഘട്ടങ്ങളിൽ സ്ഥലം ഏറ്റെടുക്കുന്നതിന് നിയമകുരുക്കുകൾ ഏറെയായിരുന്നു. എന്നാൽ വർഷങ്ങൾകൊണ്ട് അരുണാപുരത്തെ സ്ഥലം ഒഴിച്ചുള്ളവ ഏറ്റെടുത്ത് നിർമ്മാണം നടത്തുവാൻ സാധിച്ചു. അരുണാപുരം മരിയൻ ജംഗ്ഷനിൽ ഇപ്പോഴും കുരുക്കിന്റെ കഥ മാത്രം ആവർത്തിക്കുകയാണ്.
മരിയൻ ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് എത്രയും വേഗം പരിഹാരം കണ്ടെത്തണം. ഇതു സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി, പി.ഡബ്ലു.ഡി. ചീഫ് എൻജിനീയർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.
ജോയി കളരിക്കൽ
പാലാ പൗരാവകാശ സമിതി പ്രസിഡന്റ്