
പാലാ: പാലാ കടപ്പാട്ടൂർ ബൈപ്പാസിൽ കക്കൂസ് മാലിന്യം തള്ളിയവരെ നാട്ടുകാർ കാറിൽ കിലോമീറ്ററുകൾ പിന്തുടർന്നു പൊലീസിന്റെ സഹായത്തോടെ പിടികൂടി. ബൈപ്പാസിൽ കക്കൂസ് മാലിന്യം തള്ളുന്നത് ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെയാണ് മാലിന്യം തള്ളുന്നവരെ പിടികൂടാൻ നാട്ടുകാർ നിരീക്ഷണം ശക്തമാക്കിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മാലിന്യമെത്തിച്ച ടാങ്കറിലെ രണ്ട് പേരെ വാഹനം സഹിതം ഗാന്ധിനഗറിൽ വെച്ച് പൊലീസ് പിടികൂടുകയായിരുന്നു. കോട്ടയം റോഡിൽ നിന്നും പാലാ ടൗണിൽ പ്രവേശിക്കാതെ പൊൻകുന്നം റോഡിലേയ്ക്കുള്ള കടപ്പാട്ടൂർ ബൈപ്പാസിലാണ് സ്ഥിരമായി കക്കൂസ് മാലിന്യം തള്ളുന്നത്. ഇതിനിടെ ബുധനാഴ്ച രാത്രി മാലിന്യം തള്ളുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടു. നാട്ടുകാർ അടുത്തെത്തിയതോടെ ടാങ്കർ ഓടിച്ചുപോയി.
സംഭവം കണ്ടവർ ടാങ്കറിനെ പിന്തുടർന്നു. കിടങ്ങൂർ, ഏറ്റുമാനൂർ പൊലീസ് സ്‌റ്റേഷനുകളിൽ വിവരം അറിയിച്ചു. ടാങ്കർ മണർകാട് എത്തിയ ശേഷം ഊടുവഴികളിലൂടെ എം.സി റോഡിലും പിന്നീട് കോട്ടയം ടൗണിലുമെത്തി. കാർ പിന്തുടരുന്നത് കണ്ട് സംഘം ശാസ്ത്രീ റോഡ് വഴി നാഗമ്പടത്തെത്തി കുമാരനെല്ലൂരിലേയ്ക്ക് പോയി. മെഡിക്കൽ കോളേജ് റോഡിലൂടെ പായുന്നതിനിടയിൽ ഗാന്ധിനഗർ പോലീസ് പിടികൂടുകയായിരുന്നു.
പിടിയിലായത് പൂച്ചാക്കൽ സ്വദേശികൾ
ആലപ്പുഴ പൂച്ചാക്കൽ സ്വദേശികളായ 2 പേരെ ഗാന്ധിനഗർ പൊലീസ് കസ്റ്റഡിയിലെടുത്ത് പാലാ പൊലിസീന് കൈമാറി. കുടിവെള്ള വിതരണ പദ്ധതികൾ വരെയുള്ള കടപ്പാട്ടൂരിൽ മാലിന്യം തള്ളുന്നത് നിത്യസംഭവമായിരിക്കുകയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. ഇതിനെതിരെ നടപടി സ്വീകരിക്കാൻ മുത്തോലി പഞ്ചായത്ത് അധികൃതർ തയാറാവുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്.