
ഉടുമ്പന്നൂർ: പുരയിടത്തിലെ മോട്ടോർ മോഷ്ടിച്ച് വിറ്റ രണ്ട് പേരെ പൊലീസ് പിടികൂടി. ചീനിക്കുഴി കാവുപാറ കൊമ്പിക്കര വീട്ടിൽ അഖിൽ (26), ഇടമറുക് എല്ലാപ്പുഴ കൊച്ചുവീട്ടിൽ സന്തോഷ് (57) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 13ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഉടുമ്പന്നൂർ മഞ്ചിക്കല്ല് കരിമരുതുംകുന്നേൽ ശശിധരന്റെ പുരയിടത്തിലെ മോട്ടോർ പുരയിൽ സൂക്ഷിച്ചിരുന്ന 12,000 രൂപ വിലവരുന്ന മോട്ടോറാണ് പ്രതികൾ മോഷ്ടിച്ചത്. പിറ്റേന്ന് ഭാര്യ ചെന്ന് നോക്കിയപ്പോൾ മോട്ടോർ മോഷണം പോയ വിവരം അറിയുന്നത്. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. മോട്ടോർ പ്രതികൾ ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോകുന്നത് കണ്ട മറ്റൊരു ഓട്ടോറിക്ഷ ഡ്രൈവർ നൽകിയ മൊഴിയാണ് പ്രതികളെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്. എസ്.ഐ ഹാഷിം, ബേബി ജോസഫ്, എസ്.സി.പി.ഒ അനോഷ്, ബിനു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.