kudumba

കോട്ടയം : ഓണം അക്ഷരാർത്ഥത്തിൽ കുടുംബശ്രീക്ക് പൊലിച്ചു. ജില്ലയിൽ വിവിധയിടങ്ങളിലെ 157 മേളകളിൽ നിന്നായി 2.59 കോടിയുടെ വിറ്റുവരവാണ് സംരഭകരുടെ പെട്ടിയിൽ വീണത്. കഴിഞ്ഞ വർഷം 1.50 കോടിയായിരുന്നു വരുമാനം. ഇക്കുറി ഒരു പഞ്ചായത്തിൽ രണ്ട് മേളകൾ വീതം നടത്തിയതും ഗുണമായി. ഓരോ അയൽക്കൂട്ടത്തിൽനിന്നും കുറഞ്ഞത് ഒരു ഉത്പന്നമെങ്കിലും സി.ഡി.എസ് തല വിപണനമേളകളിൽ ലഭ്യമാക്കി. എല്ലാ സംരംഭ, ഉപജീവന ഗ്രൂപ്പുകളുടെയും പങ്കാളിത്തം ഉറപ്പാക്കി. ഇതിലൂടെ അയ്യായിരത്തോളം സംരംഭ യൂണിറ്റുകൾക്കാണ് വരുമാനം ലഭിക്കുന്നത്. ചിപ്സ്, ശർക്കരവരട്ടി, കാശ്മീരിച്ചില്ലി എന്നിവയാണ് വിറ്റുപോയവയിൽ അധികവും. തേൻ വിഭവങ്ങൾക്കും ആവശ്യക്കാർ ഏറെയായിരുന്നു.

പൂവിപണിയും ഇക്കുറി തുണച്ചു. കൃഷി ചെയ്ത 1258.7 ടൺ പൂക്കളാണ് കുടുംബശ്രീ പ്രവർത്തകർ ഓണക്കാലത്ത് വിറ്റത്.


 ഗുണം ചെയ്ത് ബ്രാൻഡഡ് ഉത്പന്നങ്ങൾ
കുടുംബശ്രീ സ്വന്തം ബ്രാൻഡിൽ പുറത്തിറക്കിയ ഉത്പന്നങ്ങളായിരുന്നു ഇത്തവണത്തെ പ്രധാനതാരം. ഓണത്തിന്റെ ട്രേഡ് മാർക്ക് വിഭവങ്ങളായ ചിപ്സിനും ശർക്കരവരട്ടിക്കും പുറമെ മുളകുപൊടി, കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ചിക്കൻ മസാല, സാമ്പാർ പൊടി, ഫിഷ് മസാല, സ്റ്റീമിഡ് പുട്ടുപൊടി, വറുത്ത അരിപ്പൊടി, ഗരം മസാല എന്നിവയുമുണ്ടായിരുന്നു. കുടുംബ്രശീ ഫ്രഷ് ബൈറ്റ്സ് എന്ന പേരിൽ ആകർഷകമായ പായ്ക്കിംഗിലാണ് ചിപ്സും ശർക്കരവരട്ടിയും വിപണിയിലെത്തിച്ചത്.

വിറ്റുവരവ്

പച്ചക്കറി :9327 കിലോ

1.058 കോടി രൂപ

 പൂവ് : 1258.7 ടൺ

12.58 ലക്ഷം രൂപ

 ബ്രാൻഡഡ് ഉത്പന്നം: 1.24 കോടി

''കുടുംബശ്രീ ഉത്പന്നങ്ങളോടുള്ള ജനങ്ങളുടെ വിശ്വാസമാണ് വില്പന കൂടാൻ കാരണം. അടുത്ത വർഷം കൂടുതൽ മൂല്യ വർദ്ധിത ഉത്പന്നങ്ങൾ മേളകളിൽ എത്തിക്കും''

കുടുംബശ്രീ അധികൃതർ