
വഴിയോര വിശ്രമകേന്ദ്രം കൈയടക്കി മദ്യപാനികൾ
മുണ്ടക്കയം : ശല്യം അത്രയേറെയാണ്... ചിതറിക്കിടപ്പുണ്ട് മദ്യക്കുപ്പികൾ. ഒപ്പം സിഗററ്റ് കുറ്റികളുമുണ്ട്. ഒരു വഴിയോര വിശ്രമകേന്ദ്രത്തിൽ നിന്നുള്ള കാഴ്ചയാണ്. മുണ്ടക്കയം ബൈപാസ് റോഡിൽ ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ നിർമ്മിച്ച കെട്ടിടമാണ് പ്രദേശത്തെ സാമൂഹികവിരുദ്ധരുടെ താവളം. ഇവരുടെ ശല്യം അസഹനീയമെന്ന് നാട്ടുകാരും പറയുന്നു. കെട്ടിടം നിലവിൽ പൂട്ടിക്കിടക്കുകയാണ്. മുമ്പ് ഇവിടെ കരാറടിസ്ഥാനത്തിലാണ് വിശ്രമകേന്ദ്രം പ്രവർത്തിച്ചിരുന്നത്. ശൗചാലയം, ടീ ഷോപ്പ് എന്നിവ ഉൾപ്പെടെ നിർമ്മിച്ച വിശ്രമകേന്ദ്രത്തിൽ തട്ടുകടയും പ്രവർത്തിച്ചിരുന്നു. കരാർ അവസാനിച്ച് വീണ്ടും ലേലത്തിൽ വച്ചതോടെ മുൻപ് കരാറെടുത്ത വ്യക്തി കോടതിയെ സമീപിച്ചു. ഇതോടെ വിശ്രമകേന്ദ്രത്തിന് പൂട്ടുവീണു. പിന്നെ സാമൂഹ്യവിരുദ്ധർ തമ്പടിക്കാനും തുടങ്ങി.
എന്തൊരു ശല്യം
ഇപ്പോൾ രാത്രി കാലങ്ങളിൽ യുവാക്കളും മദ്യപാനികളും ഇവിടെ കൂട്ടമായെത്തും. കെട്ടിടത്തിന്റെ പിൻഭാഗത്തും, മുൻപിൽ നിർമ്മിച്ച തട്ടുകടയുടെ സ്ഥലത്തും പരസ്യമായി മദ്യപാനം നടക്കുന്നുണ്ട്. ഇതിന് സമീപമാണ് ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ നടപ്പാക്കിയ ഓപ്പൺ ജിം പ്രവർത്തിക്കുന്നത്. ഇവിടെയെത്തുന്ന സ്ത്രീകൾ ഉൾപ്പെടെ സാമൂഹികവിരുദ്ധർക്കെതിരെ രംഗത്തുവന്നിരുന്നു