dog

കോട്ടയം : എങ്ങനെ വഴിനടക്കും. കണ്ണൊന്ന് തെറ്റിയാൽ, കടിയുറപ്പാണ്. ഒരിടളവേളയ്ക്ക് ശേഷം തെരുവ് നായ ആക്രമണം ജില്ലയിൽ വീണ്ടും വർദ്ധിക്കുമ്പോൾ ജനം ഭീതിയിലാണ്. കഴിഞ്ഞ ദിവസം കുമരകത്ത് മത്സ്യത്തൊഴിലാളിക്ക് കടിയേറ്റതാണ് ഒടുവിലത്തെ സംഭവം. തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനും, പേവിഷബാധ ഉന്മൂലനം ചെയ്യുന്നതിനും ജില്ലാ ഭരണകൂടം വിപുലമായ പദ്ധതികൾ തയ്യാറാക്കിയിട്ടും ഒന്നും ഫലം കണ്ടില്ല. പുലർച്ചെ പള്ളിയിലേക്കും ക്ഷേത്രങ്ങളിലേക്കും പോകുന്നവർക്കും പ്രഭാത സവാരിക്കിറങ്ങുന്നവർക്കും, പത്രവിതരണക്കാർക്കും നേരെ നായ്ക്കൾ പാഞ്ഞടുക്കുകയാണ്. ജില്ലയിലെ പ്രധാന എ.ബി.സി സെന്റർ പ്രവർത്തിക്കുന്നത് കോടിമതയിലാണ്. രണ്ട് മാസം മുൻപ് വരെ പ്രവർത്തനം നിലച്ച അവസ്ഥയിലായിരുന്നു. കോട്ടയം നഗരസഭാ പരിധിയിലെ വാക്‌സിനേഷൻ പൂർത്തിയായെന്ന് അധികൃതർ പറയുമ്പോഴും മാർക്കറ്റിലടക്കം അക്രമകാരികളായ തെരുവ് നായ്ക്കൾ കൂടുകയാണ്.

ഇരുചക്രവാഹനങ്ങളുടെ പിന്നാലെ നായ്ക്കൾ കൂട്ടത്തോടെ കുരച്ച് ചാടുന്നത് അപകടങ്ങൾക്കും ഇടയാക്കും. തിരുവാറ്റയ്ക്ക് സമീപം തെരുവുനായ കുറുകെ ചാടി സ്കൂട്ടർ നിയന്ത്രണം വിട്ടുമറിഞ്ഞ് കുടയംപടി സ്വദേശിക്ക് പരിക്കേറ്റിരുന്നു. കഞ്ഞിക്കുഴി പാലത്തിന് സമീപം ദിവാൻ കവലയിലും സമാന അപകടമുണ്ടായി.

വില്ലൻ മാലിന്യം തന്നെ

പ്രദേശവാസികളുടെയും കച്ചവട സ്ഥാപനങ്ങളുടെയും അലക്ഷ്യമായ മാലിന്യം തള്ളലും അശാസ്ത്രീയമായ രീതിയിൽ പ്രവർത്തിക്കുന്ന അറവുശാലകളുമാണ് തെരുവു നായ്ക്കൾ പെരുകാൻ പ്രധാന കാരണം. മാലിന്യ നിർമാർജ്ജനത്തിന് വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങൾ പറയുമ്പോഴാണിത്. റോഡരികിൽ ചാക്കിൽ കെട്ടി വലിച്ചെറിയുന്ന മാലിന്യം നായ്ക്കൾ റോഡിലിട്ട് കടിച്ചുകീറുന്നത് പതിവാണ്. കോടിമതയിലെ എ.ബി.സി സെന്റർ സ്ഥിതി ചെയ്യുന്നത് പോലും നായ്ക്കളുടെ നടുവിലാണ്. ഒരു നായയെ വന്ധ്യംകരിക്കാൻ 1500 രൂപയാണ് ചെലവ്. ഒരു ദിവസം 10 നായ്ക്കളെ വന്ധ്യംകരിക്കാനുള്ള സംവിധാനം കോടിമതയിലുണ്ട്. നായ്ക്കളെ പിടികൂടുന്നതടക്കമുള്ള ചെലവ് തദ്ദേശസ്ഥാപനങ്ങൾ വഹിക്കും. നായ ഒന്നിന് 500 രൂപ വീതമാണ് നൽകുന്നത്.

ഇവിടം ഇവരുടെ താവളം

കോ​​​ടി​മ​​​ത,​ ​ഗു​ഡ്‌​​​ഷെ​പ്പേ​ർ​ഡ് ​റോ​ഡ്,​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ൻ​ ​പ​രി​സ​രം,​ ​നാ​ഗ​മ്പ​ടം​ ​പ്രൈ​വ​റ്റ് ​ബ​സ് ​സ്റ്റാ​ൻ​ഡ്,​ ​ച​ന്ത​ക്ക​ട​വ് ​എം.​എ​ൽ​ ​റോ​ഡ്,​ ​കോ​​​ടി​മ​​​ത,​ ​ടി.​ബി​ ​റോ​ഡ്, ചങ്ങനാശേരി ടൗൺ

കടിയേറ്റവരുടെ നിരക്ക്

ജൂൺ : 1998
ജൂലായ് : 1778
ആഗസ്റ്റ് : 1955

''ഏറ്റുമാനൂർ ബ്ലോക്കിന്റെ കീഴിലുള്ള വാർഡുകളിൽ നിന്ന് തെരുവ് നായ്ക്കളെ കോടിമതയിലെത്തിച്ച് വാക്‌സിനേഷൻ നൽകാൻ തീരുമാനമായിട്ടുണ്ട്.

(ജില്ലാ വെറ്ററിനറി ഓഫീസർ)