ചങ്ങനാശേരി: നീലംപേരൂർ പൂരം പടയണിയുടെ രണ്ടാംഘട്ടത്തിന് തുടക്കമായി. നിറങ്ങളുടെ സാന്നിധ്യം അറിയിച്ച് കുടപ്പൂമരമാണ് രണ്ടാംഘട്ടത്തിൽ ആദ്യം എത്തിയത്. ചൂട്ടു പടയണി പച്ച കാണിക്കൽ ചടങ്ങുകളോടെ സമാപിച്ചതിന് ശേഷമാണ് രണ്ടാംഘട്ടമായ കുട പടയണി ആരംഭിച്ചത്. കുട പടയണിയിൽ ആദ്യദിനം പൂമരം ഇന്നലെ പടയണികളത്തിലെത്തി. കുടകളുടെ പടയണിയിൽ തട്ടുകുട ഇന്ന് പടയണി കളത്തിൽ എത്തും. പെരുമരത്തിന്റെ കൊമ്പിന്റെ ഇലകൾ മടക്കി അതിൽ വട്ടയിലെ കുത്തി മറച്ചാണ് തട്ടുകുട നിർമ്മിക്കുന്നത്. രാത്രി പത്തിനാണ് തട്ടുകുട പടയണികളത്തിൽ എത്തുന്നത്. ചൂട്ട് ,കുട, പ്ലാവില കോലം, പിണ്ടിയും കുരുത്തോലയും എന്നിങ്ങനെ നാല് ഘട്ടങ്ങളിലായാണ് പടയണി നടക്കുന്നത്. ഒന്നാം ഘട്ടമായ ചൂട്ടുപടയണി പച്ച കാണിക്കൽ ചടങ്ങുകളോടെ വ്യാഴാഴ്ച സമാപിച്ചു. നിറങ്ങളുടെ സാന്നിധ്യം അറിയിക്കുന്നതിനാണ് പച്ചകാണിക്കൽ ചടങ്ങ്. രണ്ടാംഘട്ടമായി കുട പടയണി ഇന്നലെ രാത്രി മുതൽ ആരംഭിച്ചു.


കുടപ്പൂ മരത്തിന്റെ വരവോടെ പടയണി രണ്ടാംഘട്ടത്തിലേക്ക് കടന്നു. അവിട്ടം നാളിൽ ചുട്ടു വെച്ച് ആരംഭിക്കുന്ന നീലം പേരൂർ പൂരം പടയണിയിൽ അഗ്‌നിക്ക് പിന്നാലെ നിറങ്ങളുടെ സാന്നിധ്യവുമായാണ് കുടകൾ എത്തുന്നത്. കല്യാണസൗഗന്ധികം തേടിയുള്ള ദീമസേനന്റെ യാത്രയ്ക്കിടയിൽ ഭീമസേനൻ കാണുന്ന കാഴ്ചകൾ ആണ് നീലം പേരൂരിൽ പടയണിയായി അവതരിപ്പിക്കുന്നത്. പൂമരത്തിന് പിന്നാലെ ഇന്ന് തട്ടുകുട പടയണി കളത്തിൽ എത്തും. തുടർന്ന് പാറാവളയം കളത്തിൽ എത്തും. പടയണിയുടെ ആവേശകാഴ്ചയായ പുത്തൻ അന്നങ്ങളുടെ നിർമ്മാണവും ക്ഷേത്ര പരിസരത്ത് പുരോഗമിക്കുന്നുണ്ട്. തടിപ്പണികൾ പൂർത്തിയാക്കി കഴിഞ്ഞദിവസം മുതൽ ഇവ ക്ഷേത്ര പരിസരത്തേക്ക് എത്തിച്ചു തുടങ്ങി.