birds

കോട്ടയം : അപൂർവ പക്ഷികളുടെ ആവാസ കേന്ദ്രമായ കടപ്പൂരിൽ സംസ്ഥാനത്തെ ആദ്യ പക്ഷി പഠന കേന്ദ്രം ഒരുങ്ങുന്നു. വന്യജീവി വാരാഘോഷത്തോട് അനുബന്ധിച്ച് അടുത്ത മാസം പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം നടത്താനാണ് തീരുമാനം. വില്ലേജ് ടൂറിസം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇക്കോളജിക്കൽ സയൻസുമായി സഹകരിച്ചാണ് പദ്ധതി. മീനച്ചിലാർ മീനന്തറയാർ കൊടൂരാർ പുനസംയോജന പദ്ധതിയുടെയും കടപ്പൂർ വില്ലേജ് ടൂറിസം കൂട്ടായ്മയുടെയും പിന്തുണയുണ്ട്. വർഷങ്ങളായി ഇവിടെ നടക്കുന്ന പക്ഷി സർവേയിലാണ് ഇത്രയധികം പക്ഷികളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. പക്ഷി നിരീക്ഷകർക്കും സാധാരണക്കാർക്കും പക്ഷികളെ കാണാനും കൂടുതൽ അറിയുകയുമാണ് ലക്ഷ്യം. നാലുമണിക്കാറ്റ് മാതൃകയിൽ ഒഴിവ് സമയം പങ്കിടാനുള്ള അവസരവും ഒരുക്കും.

60 ഇനം പക്ഷികളുടെ ആവാസ കേന്ദ്രം

പാടശേഖരങ്ങളാൽ ചുറ്റപ്പെട്ട ചീനങ്കരിച്ചാൽ, കോഴിച്ചാൽ, വട്ടുകുളം എന്നിവിടങ്ങളിലാണ് പക്ഷികളുടെ ആവാസ കേന്ദ്രം.

പാതിരാകൊക്ക്, കുറുകണ്ണൻ, കാട്ടുപുള്ള് ഉൾപ്പെടെ അറുപത് ഇനം പക്ഷികളുണ്ട്. ഏറ്റുമാനൂർ, കടുത്തുരുത്തി മണ്ഡലങ്ങളുടെ അതിർത്തിയായ കാണക്കാരി പഞ്ചായത്തിന്റെ ചെറിയ ഭാഗമാണിത്. വയലുകളും തെങ്ങിൻതോപ്പുകളും ഉൾപ്പെടുന്ന പ്രദേശം പക്ഷി സങ്കേതമെന്ന നിലയിലേയ്ക്ക് വിപുലീകരിക്കുന്നതോടെ സഞ്ചാരികളെ ആകർഷിക്കാനാകും.

ടൂറിസം സാദ്ധ്യത പ്രയോജനപ്പെടുത്തും

 ചീനങ്കരിച്ചാൽ, കോഴിച്ചാൽ, വട്ടുകുളം പ്രദേശങ്ങളെ ടൂറിസം സർക്യൂട്ടാക്കും

 ചെറിയ ഫീസിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് എത്താനുള്ള സൗകര്യം

 ലോകത്തെ പക്ഷി നിരീക്ഷകരെ എത്തിച്ച് ആഗോള കേന്ദ്രമാക്കി മാറ്റും

 പക്ഷികളുടെ ചിത്രങ്ങളും വിവരണങ്ങളും ചേർത്ത് അറിവ് പകരുക

 സഞ്ചാരികൾക്കായി ലഘുഭക്ഷണ ശാലകളടക്കം സജ്ജീകരിക്കും

'' ടൂറിസം സാദ്ധ്യത പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. വിശദമായ പദ്ധതി തയ്യാറാക്കുകയാണ്.

( ഡോ. പുന്നൻ കുര്യൻ വേങ്കടത്ത് ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സെക്രട്ടറി)