മുണ്ടക്കയം : മുണ്ടക്കയം ബൈപ്പാസിലെ വെള്ളക്കെട്ട് പരിഹരിക്കുമെന്ന് പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ. വെള്ളക്കെട്ട് ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി കഴിഞ്ഞദിവസം കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് എം.എൽ.എയുടെ ഇടപെടൽ. വെള്ളക്കെട്ട് പരിഹരിക്കുന്നതിന് മതിയായ ഡ്രെയിനേജ് സംവിധാനത്തിന് 17 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ബൈപ്പാസിലെ വലിയ വെള്ളക്കെട്ട് വാഹന ഗതാഗതത്തിനും കാൽനട യാത്രക്കാർക്കും വളരെ ദുരിതമാണ് സമ്മാനിച്ചത്. ഈ സാഹചര്യത്തിലാണ് വെള്ളക്കെട്ട് ഭാഗത്ത് രണ്ട് കലുങ്കുകൾക്കിടയിലായി 200 മീറ്റർ നീളത്തിൽ ഓട നിർമ്മിക്കുന്നതിന് 17 ലക്ഷം രൂപ അനുവദിച്ചത്. ഓട നിർമ്മാണ പ്രവർത്തിയ്ക്ക് ഇപ്പോൾ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.
വെള്ളക്കെട്ട് പരിഹരിക്കുന്നതോടുകൂടി ബൈപ്പാസിൽ കൂടി കൂടുതൽ മികച്ച രീതിയിൽ വാഹന ഗതാഗതസൗകര്യം ഒരുക്കാനാവും. ഇതുകൂടാതെ മുണ്ടക്കയം ഗ്യാലക്സി ജംഗ്ഷനും പോസ്റ്റ് ഓഫീസ് ജംഗ്ഷനും ഇടയിലുള്ള വെള്ളക്കെട്ട് പരിഹരിക്കുന്നതിന് 32 ലക്ഷം രൂപ അനുവദിച്ച് പുതിയ കലുങ്ക് നിർമ്മിക്കുന്നതിനും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്ന് എം.എൽ.എ കൂട്ടിച്ചേർത്തു.
ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പരമാവധി വേഗത്തിൽ ഓട നിർമ്മാണം പൂർത്തിയാക്കി വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുമെന്ന് എം.എൽ.എ അറിയിച്ചു.