
കുമരകം : ടൂറിസം ഗ്രാമമായ കുമരകത്തിന്റെ തെക്കൻ പ്രദേശങ്ങളിലുള്ളവർ ഏറെ നാളായി നേരിടുന്ന യാത്രാക്ലേശത്തിന് പരിഹാരമാകുന്നു. ചന്തക്കവലയിലെ ബസ് ബേയിൽ യാത്ര അവസാനിപ്പിക്കുന്ന സ്വകാര്യബസുകൾ അട്ടിപ്പിടിക, കൊഞ്ചുമട വരെ നീട്ടണമെന്നാണ് നിർദ്ദേശം. നാളെ മുതൽ ഇത് പ്രാബല്യത്തിൽ വരും. രാവിലെ 6 - 10 വരെയും വൈകിട്ട് 4 - 8 വരേയും അട്ടിപ്പീടിക, കൊഞ്ചുമട ബസ് സ്റ്റോപ്പ് വരെ സർവീസ് നടത്തണമെന്നാണ് പുതിയ തീരുമാനം. കോണത്താറ്റ് പാലം നിർമ്മാണം തുടങ്ങിയതോടെയാണ് പ്രദേശവാസികൾക്ക് ദുരിതം തുടങ്ങിയത്. ചേർത്തല, വൈക്കം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തുന്ന ബസുകൾ ചന്തക്കവല വരെയാണുണ്ടായിരുന്നത്. ഇതോടെ സാധാരണക്കാർക്ക് വീട്ടിലെത്താൻ ഓട്ടോ പിടിക്കേണ്ട ഗതികേടായിരുന്നു. അതും അമിത ചാർജ് നൽകി. പ്രതിഷേധം കനത്തതോടെയാണ് ട്രാഫിക് റഗുലേറ്ററി കമ്മിറ്റി ചെയർപേഴ്സൺ കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് വിഷയത്തിൽ ഇടപെട്ടത്. കളക്ടറുമായും, ബസ് ഉടമകളുമായി ചർച്ച നടത്തി പരിഹാരം കാണുകയായിരുന്നു.