
കോട്ടയം: പേപ്പറും തുണികളുമുപയോഗിച്ചുള്ള കൊളാഷ് പ്രദർശനം ആകർഷണീയമാകുന്നു. കോട്ടയം ഡി.സി ലളിതകലാ അക്കാദമിയിലാണ് റെജി തോമസിന്റെ കൊളാഷ് ഒരുക്കിയിരിക്കുന്നത്. വർണങ്ങൾ വാരിവിതറിയുള്ള പുതിയ ദൃശ്യാനുഭവമാണ് റെജിയുടെ സൃഷ്ടികൾ കാഴ്ചക്കാർക്ക് സമ്മാനിക്കുന്നത്. കടലാസും, തുണികളും കൊണ്ടാണ് ചിത്രങ്ങൾ ഒരുക്കിയതെന്ന് അറിയുമ്പോൾ കാഴ്ചക്കാരിൽ അത്ഭുതം ഏറും. കഥകളിയും സ്ത്രീയും പുരുഷനും, കടൽത്തിരയിൽ ഉലയുന്ന പായ്‌വഞ്ചി എന്നീ കൊളാഷുകൾ വിസ്മയം തീർക്കുന്നു. പേപ്പർ പഞ്ചിന്റെ ബാക്കി വന്ന ചെറിയ കടലാസു തരികൾ കൊണ്ടാണ് കഥകളിയും കലാരൂപങ്ങളും പകർത്തിയിരിക്കുന്നത്. ബസ് ടിക്കറ്റുകൾ ഉപയോഗി ച്ച് ഒരുക്കിയ മയിൽ, കേരളത്തിന്റെ ഭൂപടം എന്നിവ എടുത്തു പറയേണ്ട മറ്റ് സൃഷ്ടികളാണ്.
40ലധികം ചിത്രങ്ങൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കറുകച്ചാൽ സ്വദേശിയായ റെജി തോമസ് ഫോട്ടോഗ്രാഫറായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ഇരുപത് വർഷത്തിലധികമായി റെജി കൊളാഷ് രചനയിൽ സജീവമാണ്. ഡി.സി കിഴക്കേമുറി ഗാലറിയിൽ നടക്കുന്ന പ്രദർശനം കാർട്ടുൺ അക്കാദമി മുൻ ചെയർമാൻ
പ്രസന്നൻ ഉദ്ഘാടനം ചെയ്തു. കൊളാഷ് പ്രദർശനം തിങ്കളാഴ്ച സമാപിക്കും.