kacehrikadvu

കോട്ടയം : ടൂറിസം മേഖലയിൽ കോട്ടയത്തിന്റെ മുഖമായി മാറിയേക്കാമായിരുന്ന കച്ചേരിക്കടവ് വാട്ടർഹബ്ബ് അധികൃതരുടെ അവഗണനയിൽ നാശത്തിന്റെ വക്കിൽ. ഒന്നേകാൽ നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള അക്ഷരനഗരിയിലെ പ്രധാനപ്പെട്ട ജലഗതാഗത തീരമാണിത്. പോളയും ചേമ്പും പുല്ലും നിറഞ്ഞതോടെ ജലഗതാഗതം പൂർണമായും നിലച്ചു.

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തിങ്ങി നിറഞ്ഞു കിടക്കുകയാണ്. ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. നഗരത്തിലെ പകുതിയിലധികം കെട്ടിടങ്ങളിലെ മാലിന്യം എത്തുന്ന നാല് ഓടകളുടെ സംഗമസ്ഥാനം കൂടിയാണ് കച്ചേരിക്കടവ്. നേരെത്തെ ബോട്ട് സർവീസ് ഉണ്ടായിരുന്നപ്പോൾ ഇത്തരത്തിൽ എത്തുന്ന അഴുക്കുകൾ ഒഴുകിപ്പോയിരുന്നു. എന്നാൽ, കോടിമതയിലേക്ക് ബോട്ട് ജെട്ടി മാറിയതോടെ ടോയ്‌ലെറ്റ് മാലിന്യമടക്കം അടിഞ്ഞുകൂടി. രാത്രികാലങ്ങളിൽ പ്രദേശം സാമൂഹ്യവിരുദ്ധർ കൈയടക്കും. 2015ൽ അന്നത്തെ ഗതാഗത മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനാണ് വാട്ടർഹബ്ബ് സമർപ്പിച്ചത്. എട്ടുകോടി രൂപയായിരുന്നു ചെലവ്. ഒരേക്കറോളം സ്ഥലത്ത് ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ഉടമസ്ഥതയിലാണ് കെട്ടിടം.

അലങ്കാര വിളക്കുകൾ മിഴിയടച്ചു
വാട്ടർ സൈക്കിൾ, ബോട്ട് ടെർമിനലുകൾ, പെഡൽബോട്ടുകൾ, വിളക്ക് കാലുകൾ, ഇരുനിലകളിൽ വാച്ച്ടവർ, ശിക്കാര വള്ളം, സ്‌നാക്‌സ് പാർലർ തുടങ്ങിയവയായിരുന്നു ഇവിടെ സജ്ജമാക്കിയത്. കുട്ടികൾക്കായി ഒരുക്കിയ പാർക്കിലെ ഇരിപ്പിടങ്ങളടക്കം നശിച്ചു. നിരവധി അലങ്കാര വിളക്കുകളുണ്ടെങ്കിലും ഒന്നും കത്തുന്നില്ല. രാത്രി ഇതുവഴി ഏറെ പ്രയാസപ്പെട്ടാണ് സഞ്ചരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.

രാജഭരണകാലത്ത് കോട്ടയത്തിന്റെ മുഖം
1888 ൽ ദിവാനായിരുന്ന പേഷ്‌കാർ ടി രാമറാവുവാണ് കച്ചേരിക്കടവ്‌ ബോട്ട് ജെട്ടി സ്ഥാപിച്ചത്. ആലപ്പുഴയിൽ നിന്നും കൊല്ലത്തുനിന്നും വാണിജ്യവ്യവസായ ആവശ്യങ്ങൾക്ക് വള്ളവും ബോട്ടും വന്നുചേരുന്ന പ്രധാനകടവായിരുന്നു. റോഡുകളും വാഹനങ്ങളും സജീവമായപ്പോൾ ബോട്ട് യാത്ര കുറച്ചതോടെ തോട് പോളകയറിയും ചെളിനിറഞ്ഞും മലിനമായി. രാജഭരണകാലത്ത് കോട്ടയത്തിന്റെ മുഖമായിരുന്ന കച്ചേരിക്കടവ് പഴയബോട്ടുജെട്ടി പുതുക്കി നിർമ്മിച്ചശേഷം പിന്നീട് വാട്ടർ ഹബ്ബായി മാറുകയായിരുന്നു.

''മദ്ധ്യകേരളത്തിലെ ടൂറിസം സഞ്ചാരികൾക്കായി നിർമ്മിച്ച പദ്ധതിയെക്കുറിച്ച് നിലവിൽ പ്രദേശവാസികൾക്ക് മാത്രമേ അറിവുള്ളൂ. ഇപ്പോൾ ആർക്കും ഉപകാരമില്ലാത്ത അവസ്ഥയാണ്. കോടികൾ മുടക്കിയ പദ്ധതി ഇങ്ങനെ നശിപ്പിക്കരുത്.

-രാജീവ്, പ്രദേശവാസി

 പദ്ധതി ഉദ്ഘാടനം : 2015

പദ്ധതി ചെലവ് : 8 കോടി