pola

കോട്ടയം : പോള നിറഞ്ഞ് കുമരകത്ത് ജലഗതാഗതം സ്തംഭിക്കുന്ന ഗുരുതര സ്ഥിതി ഉണ്ടായിട്ടും ആറുവർഷം മുൻപ്
ലക്ഷങ്ങൾ മുടക്കി ജില്ലാ പഞ്ചായത്ത് വാങ്ങിയ പോളവാരൽ യന്ത്രത്തെപ്പറ്റി മിണ്ടാട്ടമില്ല. പോളവാരുന്നതിന് പുറമേ സ്വകാര്യ വ്യക്തികൾക്ക് വാടകയ്ക്കും നൽകി പണം സമ്പാദിക്കാമെന്ന അവകാശവാദത്തിൽ മുമ്പ് വാങ്ങിയ യന്ത്രം വിരലിലെണ്ണാവുന്ന ദിവസങ്ങളാണ് പ്രവർത്തിച്ചത്. മണിക്കൂറിൽ അഞ്ച് ടൺവരെ പോളവാരുമെന്നായിരുന്നു അവകാശവാദം. യു.ഡി.എഫ് ഭരണകാലത്ത് കേരള കോൺഗ്രസ് എമ്മിലെ സഖറിയാസ് കുതിരവേലി ജില്ലാ പ്രസിഡന്റായിരുന്നപ്പോഴാണ് യന്ത്രം വാങ്ങിയത്. അന്ന് പ്രതിപക്ഷമായിരുന്ന എൽ.ഡി.എഫ് അഴിമതി ആരോപണവുമായി രംഗത്തിറങ്ങിയെങ്കിലും കേരള കോൺഗ്രസിന്റെ മുന്നണി മാറ്റത്തോടെ നാവടഞ്ഞു. ഉപയോഗിക്കാൻ കൊള്ളാതെ കുമരകത്ത് തുരുമ്പ് പിടിച്ച് കിടന്ന യന്ത്രം കോടിമതയിലെ സ്വകാര്യ യാർഡിലേക്ക് മാറ്റിയിട്ട് കാണാനില്ലെന്ന് ആദ്യം പറഞ്ഞു. പിന്നീട്

ജില്ലാ ലീഗൽ സർവിസ് അതോറിറ്റി ഇടപെടലിനെ തുടർന്നുള്ള അന്വേഷണത്തിൽ യന്ത്രം കണ്ടുകിട്ടിയെങ്കിലും പിന്നീട് ഇതേക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. നേരത്തേ ഒരു കൊയ്ത്ത് മെതി യന്ത്രത്തിനും സമാന അവസ്ഥയായിരുന്നു.

അനാസ്ഥയിൽ ലക്ഷങ്ങൾ തുലച്ചു

ഗ്രീസിംഗ്, റോളറുകൾ വൃത്തിയാക്കൽ എന്നിവ നാലുമണിക്കൂർ കൂടുമ്പോൾ ചെയ്യേണ്ടതാണെങ്കിലും അത് ചെയ്തില്ലെന്നാണ് നിർമ്മാതാക്കൾ പറയുന്നത്. ഇതാണ് യന്ത്രം കേടാകാൻ കാരണം. അഞ്ചു ലക്ഷം രൂപ യന്ത്രത്തിന്റെ അറ്റകുറ്റപ്പണിക്കായി അനുവദിച്ചതായി ജില്ല പഞ്ചായത്ത് ഉദ്യോഗസ്ഥർ ലീഗൽ സർവിസ് അതോറിറ്റിയിൽ അറിയിച്ചിട്ട് മാസങ്ങളായി. ഇതിനിടെ പോളശല്യത്തിന് ശാശ്വത പരിഹാരമേകാൻ സാങ്കേതിക സമിതിയുമായി ജില്ലാ പഞ്ചായത്ത് മുന്നോട്ടുപോയെങ്കിലും എങ്ങുമെത്തിയില്ല. പടിഞ്ഞാറൻ മേഖലയിലെ തോടുകളിലടക്കം പോള തിങ്ങി നിറഞ്ഞതോടെ നീരൊഴുക്ക് നിലച്ച നിലയിലാണ്. പ്രാഥമികാവശ്യങ്ങൾക്ക് പോലും വെള്ളം ഉപയോഗിക്കാൻ പറ്റാത്ത സൗഹചര്യമാണെന്ന് നാട്ടുകാർ പറയുന്നു.

ചെലവായത് 48 ലക്ഷം

''ജനങ്ങളുടെ നികുതിപ്പണം കൊണ്ട് വാങ്ങിയ കൊയ്ത്ത്, പോളവാരൽ യന്ത്രങ്ങൾ ഉപയോഗശൂന്യമാക്കിയവർക്കെതിരെ നടപടി എടുക്കണം. അവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണം. സ്വകാര്യ യന്ത്രങ്ങൾ എത്തിച്ച് കമ്മിഷൻ തട്ടാനുള്ളചിലരുടെ താത്പര്യമാണ് ഇതിന് പിന്നിലെന്ന് ആക്ഷേപമുണ്ട്.

-നാട്ടുകാർ