
മുണ്ടക്കയം: മേഖലയിൽ മിക്കയിടത്തും റബ്ബർ തോട്ടങ്ങൾ കാടുകയറി കിടക്കുന്നത് നാട്ടുകാരിൽ ഭീതിയുണർത്തുന്നു. ഇത്തരം തോട്ടങ്ങളിലേക്ക് വന്യമൃഗങ്ങളുടെ കടന്നുവരവാണ് പ്രദേശവാസികളിൽ ഭീതി ജനിപ്പിച്ചിരിക്കുന്നത്. മിക്ക തോട്ടങ്ങളിലും കാട്ടുപന്നികളുടെയും കുറുക്കന്റെയും സാന്നിദ്ധ്യം ഏറെയാണ്. വിലയിടിവും മറ്റും കാരണം കർഷകരിൽ മിക്കവരും റബർകൃഷിക്ക് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല. ഇതോടെ മിക്ക തോട്ടങ്ങളും ആളനക്കമില്ലാതെ കിടക്കുകയാണ്. വനപ്രദേശങ്ങളോട് ചേർന്നു കിടക്കുന്ന തോട്ടങ്ങളിലൂടെ എത്തുന്ന വന്യമൃഗങ്ങൾ ജനവാസമേഖലകളിലെ തോട്ടങ്ങളിലേക്കും കൂടിയെത്തുന്നു.
കഴിഞ്ഞ ദിവസം മുണ്ടക്കയം പറത്താനം റോഡിൽ വെട്ടുകല്ലാംകുഴിക്ക് സമീപം പുലിയെ കണ്ടതായി അഭ്യൂഹം ഉണ്ടായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും പുലിയാണെന്ന് സ്ഥിരീകരിക്കുവാൻ കഴിഞ്ഞിട്ടില്ല. പുലിയെ കണ്ടുവെന്ന് പറയപ്പെടുന്ന ഭാഗത്ത് ഏക്കർ കണക്കിന് റബ്ബർ തോട്ടമാണ് കാടുമൂടി കിടക്കുന്നത്. ഇവിടെ കാട്ടുപന്നി ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാരും പറയുന്നു. മുണ്ടക്കയം, പെരുവന്താനം, കൊക്കയർ, കോരുത്തോട്, എരുമേലി പഞ്ചായത്തുകളുടെ ജനവാസ മേഖലയിലും വന്യമൃഗശല്യം രൂക്ഷമാണ്. ടി ആർ ആൻഡ് ടി എസ്റ്റേറ്റിലെ കാട് വളർന്ന റബ്ബർ തോട്ടങ്ങളിൽ കാട്ടാനകൾ കൂട്ടമായി എത്തുന്നത് നിത്യസംഭവമായിരുന്നു.
കാർഷിക മേഖലയുടെ വിലത്തകർച്ചയാണ് കർഷകർ റബർ കൃഷി ഉൾപ്പെടെ ഉപേക്ഷിക്കുവാൻ കാരണം. ടാപ്പിംഗ് നടക്കാതെ കിടക്കുന്ന റബ്ബർ തോട്ടങ്ങളിലെ അടിക്കാടുകൾ വെട്ടിത്തെളിക്കണം. ഉപയോഗ ശൂന്യമായ സ്ഥലങ്ങൾ കൃഷിയോഗ്യമാക്കണം. ഇങ്ങനെ ചെയ്താൽ ജനവാസ മേഖലയിലെ വന്യമൃഗ ശല്യത്തിന് പരിഹാരമാകും.-
ബെന്നി ചേറ്റുകുഴി,
മുണ്ടക്കയം ഗ്രാമപഞ്ചായത്ത് അംഗം