naga

കോട്ടയം : നഗരസഭയിലെ പെൻഷൻ ഫണ്ട് തട്ടിപ്പിൽ സെക്രട്ടറിയെ സർവീസിൽ നിന്ന് മാറ്റി അന്വേഷണം നടത്തണമെന്ന് തദ്ദേശ ഭരണ ജില്ലാ ജോയിന്റ് ഡയറക്ടറുടെ ശുപാർശ. പ്രിൻസിപ്പൽ ഡയറക്ടർക്ക് കൈമാറിയ റിപ്പോർട്ടിൽ നടപടി ഉടനുണ്ടായേക്കും. അതേസമയം തട്ടിപ്പ് നടത്തിയ അഖിൽ സി. വർഗീസിനെ ഇതുവരെ പിടികൂടാനായില്ല. അഖിലിന് പുറമെ ഡെപ്യൂട്ടി സെക്രട്ടറി ഫില്ലിസ് ഫെലിക്സ്, അക്കൗണ്ട്സ് വിഭാഗം സൂപ്രണ്ട് എസ്.കെ. ശ്യാം, അക്കൗണ്ട്സ് വിഭാഗത്തിലെ സീനിയർ ക്ലർക്ക് വി.ജി. സന്തോഷ് കുമാർ, പെൻഷൻ വിഭാഗം കൈകാര്യം ചെയ്തിരുന്ന കെ.ജി. ബിന്ദു എന്നിവർ സസ്‌പെൻഷനിലാണ്. നിലവിലെ സെക്രട്ടറി 2023 ഏപ്രിലിലാണ് കോട്ടയം നഗരസഭയിലെത്തുന്നത്. അതിനുമുമ്പ് സെക്രട്ടറി പദവിയിലുണ്ടായിരുന്നവർക്കെതിരെ നടപടി ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മുൻപ് സാമ്പത്തിക ക്രമക്കേടിൽ നടപടി നേരിട്ട അഖിലിനെ സാമ്പത്തിക കാര്യം കൈകാര്യം ചെയ്യാൻ അനുവദിച്ചതും വീഴ്ചയായി കണക്കാക്കുന്നു. തമിഴ്നാട്ടിൽ അഖിൽ ഉണ്ടെന്ന് പൊലീസ് ആവർത്തിക്കുമ്പോഴും പിടിക്കാനാകാത്തത് ഉന്നത സമ്മർദ്ദം കാരണമെന്നാണ് ആക്ഷേപം.