വാഴൂർ: വാഴൂർ ഗ്രാമപഞ്ചായത്തിന്റെ ചാമംപതാലിലെ ഗവ. ആയുർവേദ ഡിസ്‌പെൻസറിയുടെ പുതിയ ഒ.പി. കെട്ടിടം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചൊവ്വാഴ്ച രാവിലെ പത്തിന് ഉദ്ഘാടനം ചെയ്യുമെന്ന് പഞ്ചായത്ത് ഭരണസമിതി പത്ര സമ്മേളനത്തിൽ അറിയിച്ചു. നാഷണൽ ആയുഷ് മിഷനിൽനിന്നും അനുവദിച്ച 30 ലക്ഷം രൂപ വിനയോഗിച്ചാണ് പുതിയ ഒ.പി കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.

പുതിയ കെട്ടിടത്തിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി പ്രകാരം ക്രമീകരിച്ചിട്ടുണ്ട്. ഉദ്ഘാടനചടങ്ങിൽ ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും പൊതുപ്രവർത്തകരും പങ്കെടുക്കും.
പത്രസമ്മേളനത്തിൽ വാഴൂർ പഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജി, വൈസ് പ്രസിഡന്റ് ഡി. സേതുലക്ഷ്മി, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ജിജി നടുവത്താനി, പി.ജെ ശോശാമ്മ, ശ്രീകാന്ത്.പി.തങ്കച്ചൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ തോമസ് വെട്ടുവേലിൽ, എസ്.അജിത്കുമാർ, ജിബി പൊടിപ്പാറ എന്നിവർ പങ്കെടുത്തു.