sad

കോട്ടയം: വൃക്ഷവൈദ്യനും വാഴൂർ സ്വദേശിയുമായ കെ.ബിനുവിന്റെ കരസ്പർശം ഗോവ രാജ്ഭവൻ വളപ്പിലെ വൃക്ഷങ്ങൾക്ക് വലിയ ഊർജ്ജമായിരുന്നു. അവർ ആരോഗ്യവും ആയൂസും വീണ്ടെടുത്തപ്പോൾ ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള, മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത് ഉൾപ്പെടെയുള്ളവർ പ്രശംസകൊണ്ട് മൂടി. സുഖചികിത്സ വിജയിച്ചതിലെ സന്തോഷം ബിനുവിന്റെ മുഖത്തും തെളിഞ്ഞു. നൂറ്റാണ്ടുകൾ പഴക്കമുള്ള ആൽമരം, പ്ലാവ്, മഹാഗണി ,പുളി, അത്തി, ബയോബാബ് എന്നിവയ്ക്കായിരുന്നു ചികിത്സ. പി.എസ്.ശ്രീധരൻപിള്ളയുടെ ക്ഷണം സ്വീകരിച്ചായിരുന്നു ബിനുവിന്റെ രാജ്ഭവൻയാത്ര. 85 ഏക്കർ രാജ്ൽ ഭവൻ വളപ്പിൽ 90 ശതമാനവും ജൈവ വൈവിദ്ധ്യ പ്രദേശമാണ്. 200 വർഷത്തിലേറെ പഴക്കമുള്ള മരങ്ങളുമുണ്ട്. കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി.എം വാര്യർ, കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി മാനേജിംഗ് ഡയറക്ടർ ദേവിദാസ് വാര്യർ, കോയമ്പത്തൂർ ആയുർവേദ ഫാർമസിയിലെ ഡോ.അജയൻ സദാനന്ദൻ എന്നിവരും ചികിത്സാനിർദ്ദേശം നൽകാനെത്തിയിരുന്നു. ഡോ.അജയൻ പഞ്ചഗവ്യമടക്കം 28 മരുന്നുകളടങ്ങുന്ന രസായനചികിത്സ വിധിച്ചു.

ചികിത്സ മൂന്ന് ഘട്ടങ്ങളിലൂടെ

മൂന്നു ഘട്ടങ്ങളിലായാണ് ഔഷധക്കൂട്ടുകൾ മരങ്ങളിൽ തേച്ചുപിടിപ്പിക്കുക. ചെളി, മരം നിൽക്കുന്ന സ്ഥലത്തെ മണ്ണ്, ചിതൽ പുറ്റ് തെള്ളിയെടുത്തത്, പശുവിൻ പാൽ, ചാണകം, എള്ള്, ചെറുതേൻ, നെയ്യ്, കദളിപ്പഴം എന്നിവ ചേർത്തുകുഴച്ച മിശ്രിതം മരത്തിൽ തേച്ചുപിടിപ്പിക്കും. മണ്ണു കുഴച്ചുപൊത്തും. കോറത്തുണികൊണ്ട് ചുറ്റിക്കെട്ടും. ജൈവമിശ്രിതം വൃക്ഷചുവട്ടിൽ തളിക്കും. ഒരാഴ്ച തുടർച്ചയായി മൂന്നു ലിറ്റർ പാല് വീതം തടിയിൽ സ്പ്രേ ചെയ്യും. ആറ് മാസമാണ് ചികിത്സാകാലാവധി. ഗോവയിൽ ലഭിക്കാത്ത മരുന്നുകൾ കേരളത്തിൽ നിന്നുമെത്തിച്ചു. ഗുരുദേവന്റെ ജന്മഗൃഹമുൾപ്പെടുന്ന ചെമ്പഴന്തി ആശ്രമത്തിലെ പ്ലാവിന് അടുത്ത മാസം വൃക്ഷചികിത്സ ആരംഭിക്കും. ഇതുവരെ 208 മരങ്ങൾക്ക് ചികിത്സനൽകി.