kuttillam

കുമ്പാനി: ആദ്യ കാഴ്ചയിൽ തന്നെ ഭീതി തോന്നും. പിന്നെ രണ്ടുംകൽപിച്ച് പാലത്തിലേക്ക് കയറും. അപ്പുറമെത്തുമ്പോൾ ഭാഗ്യമെന്ന് ആശ്വസിക്കും.... കുറ്റില്ലാം പാലം എന്നുമൊരു പേടിസ്വപ്നമാണ്. ദുരന്തത്തിന് കാഴ്ചക്കാരാകേണ്ടി വരുമോയെന്ന ആശങ്കയുണ്ട് നാട്ടുകാരിൽ പലർക്കും.

മീനച്ചിൽ,​ മുത്തോലി പഞ്ചായത്തുകളെ തമ്മിൽ ബന്ധിക്കുന്നതാണ് പാലം. അസ്ഥിപഞ്ജരം കണക്കെ ഒരു പാലം. കൈവരിയില്ല, ഏതുനിമിഷവും തകർന്നുവീഴാം. പാലാ-പൊൻകുന്നം റോഡിൽ വായനശാലയോട് ചേർന്നാണ് പാലം. സ്‌കൂൾ വാഹനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ ദിവസവും കടന്നുപോകുന്നുണ്ട്. കാൽനടക്കാരിൽ വിദ്യാർത്ഥികളുണ്ട് നാട്ടുകാരുണ്ട്. കൈവരി തകർന്നതിനാൽ പാലത്തിൽ നിന്ന് ഏതുനിമിഷവും തോട്ടിലേക്ക് പതിക്കാം.

ഞങ്ങൾക്ക് നെഞ്ചിൽ തീയാണ്!

മൂന്ന് പതിറ്റാണ്ട് മുമ്പ് നിർമ്മിച്ചതാണ് പാലം. കൈവരി തകർന്ന ഭാഗത്ത് പ്ലാസ്റ്റിക് വള്ളി വലിച്ചുകെട്ടിയാണ് നാട്ടുകാർ അപകടമുന്നറിയിപ്പ് നൽകുന്നത്. പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞ നിലയിലാണ്. ഭാരവാഹനങ്ങൾ കടന്നുപോകുമ്പോഴാണ് അപകടസാധ്യതയേറെ.

70 ലക്ഷം അനുവദിച്ചു, പക്ഷേ...

കുറ്റില്ലാത്ത് പുതിയ പാലം നിർമ്മിക്കാൻ മാണി സി.കാപ്പൻ എം.എൽ.എ 70 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചെങ്കിലും പാലം വലിക്കുന്നത് ഇറിഗേഷൻ വകുപ്പാണെന്നാണ് ആക്ഷേപം. ഉയരംകൂട്ടി മാത്രമേ ഇവിടെ പാലം നിർമ്മിക്കാവൂവെന്നാണ് ഇറിഗേഷൻ വകുപ്പ് പറയുന്നു. നിലവിലെ പ്ലാൻ അനുസരിച്ച് പാലം പണിയാൻ അനുവാദം കൊടുക്കാൻ ഇറിഗേഷൻ വകുപ്പ് തയാറാല്ല.

പണംഅനുവദിച്ചിട്ടും പണികൾ തുടങ്ങാത്തത് അധികാരികളുടെ അനാസ്ഥയാണ്.പാലം പണി ആരംഭിച്ചില്ലെങ്കിൽ നാട്ടുകാരെ മുൻനിർത്തി സമരത്തിന് തുടക്കമിടും

സാംജി പഴേപറമ്പിൽ, പൊതുപ്രവർത്തകൻ.

പാലം നിർമ്മാണം ഉടൻ ആരംഭിക്കണം. അപകടസാധ്യത അത്രയേറെയാണ്

ശ്രീജയ എം.പി, മുത്തോലി പഞ്ചായത്തംഗം