venaddd

കോട്ടയം: മടുത്തുപോകും, പക്ഷേ മടിച്ചുനിന്നിട്ട് കാര്യമില്ല.... ഒരുവിധം ട്രെയിനിൽ കയറിപ്പറ്റും. തിരക്കിനിടയിൽ ശ്വാസമെടുക്കാൻ പോലും കഴിയില്ല. ഭാഗ്യത്തിന്റെ അകമ്പടിയാലാണ് യാത്ര പൂർത്തിയാക്കുന്നത്.! കോട്ടയത്ത് നിന്ന് ഏറണാകുളത്തേക്കുള്ള ട്രെയിൻ യാത്രികരുടെ നിസഹായാവസ്ഥ ഈ വാക്കുകളിൽ വ്യക്തമാണ്. യാത്ര പൂർണമാകുമ്പോൾ നാളെയും ഈ അനുഭവം തന്നെയാണ് ഇവരെ കാത്തിരിക്കുന്നത്. പടിവാതിലിൽ തൂങ്ങിക്കിടന്നാണ് കോട്ടയത്ത് നിന്നും എറണാകുളം വരെ പലരും യാത്ര ചെയ്യുന്നത്. സ്ത്രീകളുടെ അവസ്ഥയും മറിച്ചല്ല. കോട്ടയത്ത് എത്തുന്ന വേണാട് എക്‌സ്പ്രസിന് മുന്നോട്ട് സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ് പലദിനങ്ങളിലും. പാലരുവിയിലെ കോച്ചുവർദ്ധനവ് അല്പം ആശ്വാസം പകർന്നെങ്കിലും റൂട്ടിലെ പ്രശ്‌നങ്ങൾക്ക് തെല്ലും പരിഹാരമായില്ല. സീസൺ യാത്രക്കാർ അതിസാഹസികമായി യാത്ര ചെയ്യേണ്ട അവസ്ഥ.

എത്രനേരം എങ്ങനെ പിടിച്ചുനിൽക്കും


തിരക്കിലകപ്പെട്ട് ഇന്നലെ രണ്ട് സ്ത്രീ യാത്രക്കാരാണ് കുഴഞ്ഞുവീണത്. രാവിലെ 9.15 ഓടെ പിറവം സ്‌റ്റേഷനിലായിരുന്നു സംഭവം. പരിക്കേറ്റവർക്ക് ഫസ്റ്റ് എയ്ഡ് നൽകിയശേഷം ട്രെയിൻ യാത്ര തുടർന്നു. കഴിഞ്ഞ ദിവസം തൃപ്പൂണിത്തറയിൽ മറ്റൊരു യാത്രക്കാരിയായ രജനി സുനിലിന് പരിക്കേറ്റിരുന്നു. വന്ദേഭാരത് കടന്നുപോകാൻ പാലരുവി രാവിലെ മുളന്തുരുത്തിയിൽ അരമണിക്കൂറോളം പിടിച്ചിടും. വായുസഞ്ചാരമില്ലാത്ത തിങ്ങിനിറഞ്ഞ കോച്ചുകളിൽ യാത്രക്കാർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത് സ്ഥിരം സംഭവമാണ്.

ചവിട്ടുപടിവരെ യാത്രക്കാർ

പുലർച്ചെ 6.58നുള്ള പാലരുവിയിലെ തിരക്ക് കണ്ട് മടിച്ച് അടുത്ത ട്രെയിനായി കാത്തുനിൽക്കുന്നവരെ സ്വീകരിക്കുന്നത് ഒന്നരമണിക്കൂറിന് ശേഷം ചവിട്ടുപടിവരെ തിങ്ങിനിറഞ്ഞെത്തുന്ന വേണാടാണ്. ഇരു ട്രെയിനിലും കയറിപ്പറ്റാൻ കഴിയാതെ യാത്രക്കാർ മടങ്ങുന്നതും സ്ഥിരംകാഴ്ച. തിരക്കുമൂലം ഡോറുകൾ മാറിമാറി ഓടി നടക്കണം യാത്രക്കാർ. പാലരുവിയിൽ അടുത്തിടെ നാല് കോച്ചുകൾ അധികമായി ഉൾപ്പെടുത്തിയിട്ടും തിരക്കിന് യാതൊരു കുറവുമില്ല.

പാലരുവി കടന്നുപോയി ഒന്നരമണിക്കൂറിന് ശേഷമാണ് അടുത്ത ട്രെയിനായ വേണാട് കോട്ടയത്ത് എത്തുന്നത്. ഈ ഇടവേളയാണ് ഇരു ട്രെയിനുകളിലും തിരക്ക് വർദ്ധിപ്പിക്കുന്നത്. (അജാസ് വടക്കേടം, ഫ്രണ്ട്‌സ് ഓൺ റെയിൽസ് എക്‌സിക്യൂട്ടീവ് അംഗം).

യാത്രക്കാരുടെ ആവശ്യം

പാലരുവിക്കും വേണാടിനും ഇടയിൽ മെമു അല്ലെങ്കിൽ പാസഞ്ചർ സർവീസ് ആരംഭിക്കണം.

രാവിലെ 7.45 ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്നവിധം ക്രമീകരിച്ചാൽ പ്രശ്നപരിഹരമാകും