joskmsni

കൊടുങ്ങൂർ: ഒരു തെരഞ്ഞെടുപ്പും ഒന്നിന്റെയും ആവർത്തനമല്ലെന്ന് ജോസ് കെ. മാണി എം.പി. ഇന്ത്യയിലൊരു സ്ഥലത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന- ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കാറില്ല. ദേശീയ വിഷയങ്ങൾ പ്രാദേശിക തെരഞ്ഞടുപ്പുകളിൽ ഒരു പരിധിയിൽ കൂടുതൽ സ്വാധീനം ചെലുത്തിയിട്ടില്ല. കേരള രാഷ്ട്രീയത്തിൽ എൽ.ഡി.എഫ് മുന്നണിയിൽ തന്നെ കേരള കോൺഗ്രസ് എം ഉറച്ച് നിൽക്കും. മുൻകാലങ്ങളിൽ കർഷകർക്കു വേണ്ടി നടത്തിയ പോരാട്ടങ്ങൾ അതേ നിലയിൽ തന്നെ തുടരും. തിരുത്തൽ ശക്തിയാകേണ്ട ഘട്ടങ്ങളിൽ അത് ശക്തമായി അവതരിപ്പിക്കുമെന്നും ജോസ്‌ കെ.മാണി പറഞ്ഞു. കേരള കോൺഗ്രസ് എം കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. വാഴൂർ ഫാർമേഴ്സ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, നിയോജക മണ്ഡലം പ്രസിഡന്റ് എ.എം.മാത്യു, ഷാജി പാമ്പൂരി തുടങ്ങിയവർ പങ്കെടുത്തു.