kumarakom

കുമരകം : കുമരകം ചന്തക്കവലയിൽ കാലങ്ങളായി അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മൈൽക്കുറ്റിയ്ക്ക് ചുവപ്പ് കവറിംഗും, ദിശാബോർഡുകളും സ്ഥാപിച്ചു. സി.പി.എമ്മിന്റെ കുമരകം മാർക്കറ്റ് ബ്രാഞ്ചിലെ പ്രവർത്തകർ ആണ് ഇത് സ്ഥാപിച്ചത്. കോണത്താറ്റ് പാലം നിർമ്മാണത്തിന്റെ ഭാഗമായുണ്ടായ ഗതാഗത നിയന്ത്രത്തിൽ അട്ടിപ്പീടിക റോഡ് വഴി വരുന്ന വാഹനങ്ങൾ മെയിൻ റോഡിൽ പ്രവേശിക്കുമ്പോഴുള്ള വളവിലെ മൈൽക്കുറ്റിയിൽ ഇടിച്ച് അപകടത്തിലാവുക പതിവായിരുന്നു. വാഹനങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു. നാട്ടുകാരും വാർത്താ മാദ്ധ്യമങ്ങളും പ്രശ്നം റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും പരിഹാരം ഉണ്ടായിരുന്നില്ല. അപകട സാദ്ധ്യത കണക്കിലെടുത്ത് ബ്രാഞ്ച് സമ്മേളനത്തിന് അനുബന്ധ പരിപാടി എന്ന നിലയിൽ സി.പി.എം തന്നെ മുന്നിട്ടിറങ്ങി ഗവ. ഹൈസ്കൂളിന് സമീപവും, ചന്തക്കവലയിലും ദിശാ ബോർഡുകൾ സ്ഥാപിക്കുകയും മൈൽക്കുറ്റിയ്ക്ക് അപായ സൂചകമായി പുറംചട്ടയും സ്ഥാപിക്കുകയായിരുന്നു.