road

മുണ്ടക്കയം: കൊക്കയാർ വെംബ്ലി ഉറുമ്പിക്കര റോഡ് തകർന്നത് നാട്ടുകാർക്ക് ദുരിതമായി. കൊക്കയാർ പഞ്ചായത്ത് ഓഫീസ് പടിമുതൽ റോഡിന്റെ പലഭാഗത്തും ടാറിംഗ് ഇളകി മാറി വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. മഴക്കാലത്ത് കുഴികളിൽ വെള്ളം നിറയുന്നതോടെ കുഴിയുടെ ആഴമറിയാതെ ഇരുചക്ര വാഹനങ്ങൾ അടക്കം അപകടത്തിൽപ്പെടുന്നത് പതിവാണ്. റോഡ് തകർന്നതോടെ മേഖലയിലേക്ക് ടാക്സി വാഹനങ്ങൾ അടക്കം വരാൻ മടിക്കുന്നു. ടൂറിസം കേന്ദ്രമായ ഉറുമ്പിക്കരയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന റോഡ് ആണിത്. മുണ്ടക്കയത്തു നിന്നും കൂട്ടിക്കൽ വഴിയും 35-ാം മൈൽ ബോയ്സ് എസ്റ്റേറ്റ് വഴിയും കൊക്കയാറ്റിലെത്തി വെംബ്ലി കല്ലുതൊട്ടി വഴി ഉറുമ്പിക്കരയിലെത്താം. എന്നാൽ 16 കിലോമീറ്ററോളം ദൂരം വരുന്ന ഈ റോഡിന്റെ പല ഭാഗങ്ങളും പൂർണമായും തകർന്ന അവസ്ഥയിലാണ്. കല്ലുതൊട്ടി മുതൽ ഉറുമ്പിക്കര വരെ മൺറോഡ് മാത്രമാണ് ഉള്ളത്. ഇതുവഴി ഓഫ് റോഡ് വാഹനങ്ങൾ മാത്രമാണ് ഇപ്പോൾ കടന്നു പോകുന്നത്. വർഷങ്ങൾക്ക് മുമ്പ് ഈറോഡ് ഏറ്റെടുത്ത് നവീകരിക്കുമെന്ന് അഴുത ബ്ലോക്ക് പഞ്ചായത്ത് വലിയ വാഗ്ദാനം നൽകിയെങ്കിലും തുടർ നടപടികൾ ഒന്നും ഉണ്ടായില്ല. കൂടാതെ കുട്ടിക്കാനത്ത് നിന്നും ആരംഭിച്ച മദാമക്കുളം വഴി ഉറുമ്പിക്കരയിൽ എത്തുന്ന ഒരു റോഡിനായി 9 കോടി രൂപ അനുവദിച്ചെങ്കിലും മേഖലയിലെ നാലോളം എസ്റ്റേറ്റുകൾക്ക് മാത്രം ഗുണകരമാവുന്ന റോഡിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നതോടെ ഈ പദ്ധതി നിലച്ചു. കൊക്കയാറിൽ നിന്നും നിന്നും ആരംഭിച്ച കല്ല്തൊട്ടി ഉറുമ്പിക്കര വഴി ഏലപ്പാറയിൽ എത്തുന്ന റോഡ് നവീകരിച്ചാൽ വിനോദ സഞ്ചാരികൾക്ക് വളരെ വേഗത്തിൽ ഉറുമ്പിക്കരയിൽ എത്തുവാനും ഒപ്പം കൊക്കയാർ, വെംബ്ലി മേഖലയുടെ വികസനത്തിനും വഴിവയ്ക്കും.